KERALA NEWS

അവശ്യസര്‍വ്വീസ് ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കണം: ഉത്തരവുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്രമഴമുന്നറിയിപ്പ് നല്‍കിയിട്ടുമുള്ള സാഹചര്യത്തില്‍ അവശ്യസര്‍വ്വീസ് ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം. ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി നിര്‍ത്തുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *