DISTRICT NEWS

എഡിറ്റോറിയൽ-ഉഡുപ്പി -വയനാട് വൈദ്യുതി ലൈൻ പദ്ധതി: സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം

വികസന പദ്ധതികൾ ആര് കൊണ്ടുവരുന്നു എന്നതിലല്ല; അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാകുന്നുവെന്നതിലാണ് കാര്യം. ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന ഇരട്ടത്താപ്പും സ്വകാര്യ താല്പര്യങ്ങളും പാവം കർഷകരെ നന്നാക്കാനല്ല, വഴിയാധാരമാക്കാനെ ഉപകരിക്കു. കോവിഡ് കാലത്ത് കർഷകരെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുളളപ്പോൾ കൃഷിയിടങ്ങളിൽ അതിക്രമിച്ചുകയറി കാർഷിക വിളകൾ വെട്ടി നശിപ്പിച്ച് ടവർ സ്ഥാപിക്കാനും ലൈൻ വലിക്കാനും ജില്ലാ ഭരണകൂടവും പദ്ധതി ഏറ്റടുത്ത കമ്പനി അധികാരികളും സ്വീകരിച്ച നടപടി തികച്ചും പ്രതിഷേധാർഹമാണ്. കർഷകർ കാര്യങ്ങൾ തിരിച്ചറിഞ്ഞ് സംഘടിതമായി എത്തിയപ്പോൾ പോലും പോലീസിനെ ഉപയോഗിച്ച് ഭീഷണി മുഴക്കി കർഷകരെ അവരുടെ കൃഷിയിടത്തിൽ കയറാനനുവദിക്കാതെ അവർ വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ തെങ്ങും,റബറും,കമുകും വെട്ടിനശിപ്പിച്ചത് തികഞ്ഞ അനീതിയാണ്. പദ്ധതി നടത്തിപ്പിന് മുമ്പ് നഷ്ടപരിഹാരം തീരുമാനിക്കാതെ ആദ്യം പ്രവർത്തി പിന്നെ നഷ്ടപരിഹാരം എന്ന അധികാരികളുടെ സമീപനമാണ് കർഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്.
ഒരു വികസന പദ്ധതികൾക്കും കർഷകർ എതിരല്ല.എന്നാൽ അവരുടെ ജീവിക്കാനുളള അവകാശത്തിൻന്മേൽ അവർക്ക് സംരക്ഷണം നൽകേണ്ടവർ തന്നെ വെല്ലുവിളി ഉയർത്തുമ്പോൾ പ്രത്യേകിച്ച് കേരളത്തെ പോലുളള ഒരു സംസ്ഥാനത്ത് പ്രതികരണശേഷി നഷ്ടമായിട്ടില്ലാത്ത ജനങ്ങൾ അതിനെതിരെ രംഗത്തുവന്നതിൽ അത്ഭുതപ്പെടാനില്ല. പദ്ധതി നടപ്പാക്കുന്ന കമ്പനിക്കുവേണ്ടി അമിതാവേശത്തോടെ നില കൊളളുന്ന ജില്ലാ കലക്ടർ ഉൾപ്പെടെയുളള പലർക്കും കർഷകരുടെ ക്ഷേമത്തിലല്ല; മറ്റ് പലതിലുമാണ് താല്പര്യമെന്ന് തോന്നിപ്പിക്കും വിധമാണ് പ്രവർത്തികൾ.
അധികാരമെന്ന പ്രയോഗത്തിൽ ഒരു ജില്ലയുടെ പരമാധികാരി ജില്ലാ കലക്ടർ തന്നെ. എന്നാൽ ഒരു വികസന പദ്ധതി വരുമ്പോൾ അതിൽ കഷ്ടതയനുഭവിക്കുന്ന സാധാരണക്കാർക്കൊപ്പം നിന്ന് അവരുടെ ന്യായമായ ആവശ്യങ്ങൾ നേടികൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ അവർക്കെതിരായി മാറുന്ന കാഴ്ച ഖേദകരവും നാടിന് തന്നെ അപമാനകരവുമാണ്. അതുകൊണ്ട് തന്നെ ഇവരിൽ നിന്നും കൂടുതലൊന്നും കർഷകർക്ക് പ്രതീക്ഷിക്കാനില്ല.
10 സെന്റും ഒരു ഏക്കർ വരെ കൃഷിഭൂമിയുളള ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ കർഷകരുടെ ജീവിതമാണ് വഴിമുട്ടി നിൽക്കുന്നത്.പദ്ധതിക്കായി 10 മീറ്റർ വീതിയിൽ സ്ഥലമാണ് ഏറ്റെടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുപുറത്ത് 30 മീറ്ററോളം സ്ഥലം ബഫർ സോണായി മാറ്റുകയും ചെയ്യുമ്പോൾ പലർ ക്കും തങ്ങളുടെ ഭൂമി പൂർണ്ണമായും നഷ്ടമാകുന്ന സ്ഥിതിയാണ്. ലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉൾപ്പെടെ നികുതി കർഷകർ അടയ്ക്കുകയും വേണം.കൃഷി ചെയ്യാനും പറ്റില്ല. എന്നാൽ നികുതി രസീതുമായി ചെന്നാൽ സഹകരണ ബാങ്കുകളിൽ നിന്നുപോലും ചെറിയൊരു തുക ലോൺ പോലും ലഭിക്കില്ല.ഇത്തരം സാഹചര്യത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രശ്‌നത്തോട് മുഖംതിരിക്കാതെ സർക്കാർ അടിയന്തിരമായി ഇടപെടണം.അതിനായി ഇന്നാട്ടിലെ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ സർക്കാരിന്റെ മേൽ സമ്മർദ്ദം ചെലുത്തണം.
കർഷകർക്കുണ്ടായതും ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നതും ഉണ്ടായേക്കാവുന്നതുമായ കഷ്ടനഷ്ടങ്ങൾ ഒരു പാക്കേജിലൂടെ സർക്കാരിന് പരിഹരിക്കാവുന്നതേയുളളു.അതിലൂടെ കർഷകരുടെ ആശങ്ക അകലുകയും തെരുവിലിറങ്ങുന്ന സാഹചര്യം ഇല്ലാതാവുകയും ചെയ്യു.അതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *