KERALA NEWS

നിപയില്‍ ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്തെ നിപ ബാധയില്‍ ആശ്വാസ കണക്കുകളുമായി ആരോഗ്യമന്ത്രി. ഇന്ന് നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി 7 പേരാണ് ആശുപത്രികളില്‍ അഡ്മിറ്റ് ആയതെന്നും ആകെ 8 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ വീണാ ജോര്‍ജ് ഓണ്‍ലൈനായാണ് പങ്കെടുത്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നിപ ബാധയെ തുടര്‍ന്ന് കൗമാരക്കാരന്‍ മരണപ്പെട്ടതിന് പിന്നാലെ വീണ്ടും സംസ്ഥാനത്ത് നിപ ഭീതി ഉയര്‍ന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മലപ്പുറം സ്വദേശിയായ പതിനാലുകാരന്‍ മരണപ്പെട്ടത്. അതിനിടെ, പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ഡോ.ആര്‍ ബാലസുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള വിദ്ഗധ സംഘം സംഭവ സ്ഥലത്തെത്തി വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. നിലവില്‍ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുതെന്നും തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *