കാസര്‍കോട് ജില്ലയിലെ മലയോരമേഖലകളിലെ വന്യജീവി ശല്യം വര്‍ദ്ധിക്കുകയാണ്. പനത്തടി, ബളാല്‍ ഗ്രാമപഞ്ചായത്തുകളിലെ വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന കാട്ടാന ശല്ല്യം ഉള്‍പ്പെടെയുള്ള വന്യജീവി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കാഞ്ഞങ്ങാട് നിയോജകമണ്ഡലം എംഎല്‍എ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നു. പനത്തടി ബളാല്‍ പഞ്ചായത്തിന്റെ പ്രതിനിധികള്‍, ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ കെ അഷ്റഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ രാഹുല്‍ എന്നിവരും മറ്റു വനം ഉദ്യോഗസ്ഥരും വന സംരക്ഷണ സമിതി പ്രവര്ത്തകരുമുള്പ്പെടുള്ളവര് യോഗത്തില്‍ സംബന്ധിച്ചു.
വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം ഇല്ലാതാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം വനം വകുപ്പ് ആവശ്യപ്പെട്ടു. കൂടാതെ സോളാര്‍ വേലികളുടെ തകരാറുകള്‍ പരിഹരിക്കും. നാട്ടുകാരുടെ സഹകരണത്തോടെ വേലികള്‍ സംരക്ഷിക്കും. പനത്തടി ബേസ് ചെയ്ത് താല്‍ക്കാലിക ആര് ആര് ടി രൂപീകരിക്കും. ആന ഇറങ്ങുന്ന പ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. പ്രശ്ന ബാധിത മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കും. റാണിപുരം ഭാഗത്തെ കാടുമുടി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ നിര്‍ദ്ദേശം നല്‍കും. പുതിയ ട്രെഞ്ചുകള്‍ നിര്‍മ്മിക്കാനും മണ്ണ് മൂടി കിടക്കുന്നവ പഴയരീതിയിലാക്കാനും നടപടികള്‍ സ്വീകരിക്കും. കൂടാതെ വിഎസ്എസുകള്‍ മുഖാന്തിരം കാടിനോടടുത്ത പ്രദേശങ്ങളില്‍ ആന ഇറങ്ങുന്ന കൃഷിയിടങ്ങളില്‍ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുവാനും യോഗത്തില്തീരുമാനമായി.