രാജപുരം: 400 കെ വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കർഷകർ തെരുവിലേക്ക്. ഉഡുപ്പി-കരിന്തളം 400 കെ വി വൈദ്യുതി ലൈൻ, ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം കർഷക ദ്രോഹനടപടികൾ തുടരുകയാണെന്ന് കർഷക രക്ഷാസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഏതൊരു പ്രവർത്തിക്കും സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുമ്പോൾ അനുവർത്തിക്കേണ്ട യാതൊരു മര്യാദയും പാലിക്കാതെ പ്രവർത്തി ഏറ്റെടുത്ത കമ്പനിക്കുവേണ്ടി പ്രവർത്തിക്കുകയാണ് ജില്ലാ കലക്ടർ ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി. യാതൊരു മുന്നറിയിപ്പും വ്യവസ്ഥകളുമില്ലാതെ കർഷകരുടെ സ്ഥലം കൈയ്യേറി അവരുടെ ജീവിതമാർഗ്ഗമായ കാരഷിക വിളകൾ മുറിച്ചുമാറ്റികൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായെത്തിയ കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിലുളള കർഷകരെ പോലീസിനെ ഉപയോഗിച്ച് വഴിയിൽ തടഞ്ഞുവെച്ചശേഷമാണ് സ്ഥലത്ത് കടന്നുകയറി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചത്. കോടതി വിലക്കിയിരിക്കുന്ന സ്ഥലങ്ങളിലും ഇത്തരം അധിക്രമത്തിന്ും അധികൃതർ മുതിർന്നു.
400 കെവി ലൈൻ കടന്നുപോകണമെന്ന് അധികൃതർ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ അധിക്രമം തുടർന്നുകൊണ്ടിരിക്കെ എതിർപ്പുമായ്ി രംഗത്തുളള കർഷകരെ വിളിച്ചുചേർത്ത യോഗം കലക്ടർ കമ്പിനിക്കു വേണ്ടി നടത്തിയ പ്രകസന നാടകമായിരുന്നുവെന്ന് കർഷകരക്ഷാസമിതി ആരോപിച്ചു. 45 കിലോമീറ്ററിനുളളിൽ വരുന്ന 96 ടവറുകളിൽ 90 എണ്ണവും കർഷകരെ പറഞ്ഞ് പറ്റിച്ച് കോവിഡ് കാലത്ത് പ്രവർത്തി പൂർത്തിയാക്കിയിരുന്നു. ടവർ നിർമ്മാണത്തിനും ലൈൻ വലിക്കുന്നതിനുമായി കർഷകരുടെ സ്ഥലം കവർന്നെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരം നൽകുന്നതിന് കമ്പനി തയ്യാറാകുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 45 മീറ്റർ വീതിയിലാണ് കർഷകരുടെ സ്ഥലങ്ങൾ ബലമായി പിടിച്ചെടുക്കുന്നത്. കാർഷകർക്ക് ഇതുമൂലമുണ്ടായേക്കാവുന്ന നഷ്ടം ചെറുതല്ല.പലർക്കും കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയാണ്. 400 ഓളം കുടുംബങ്ങളാണ് ഇതിലൂടെ കഷ്ടതയനുഭവിക്കുന്നത്.
കർഷക രക്ഷാസമിതി ചെയർമാൻ സിനോജ് ചാക്കോ,കൺവീനർ കെ.നാരായണൻകുട്ടി, ട്രഷറർ സത്യനാഥൻ,എം.കെ ഭാസ്ക്കരൻ, ഷാനവാസ്, എം.ചന്ദ്രശേഖരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.