KERALA NEWS

ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഒന്നാക്കുമോ? ശുപാര്‍ശ മന്ത്രിസഭയില്‍

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനി്ടയിലും സംസ്ഥാനത്തെ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും ഏകീകരിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് . ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വേര്‍തിരിവില്ലാതെ ഒറ്റ വിഭാഗമായി പരിഗണിക്കാനാണ് ഒരുക്കുന്നത്. സ്‌കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തെ തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ഇന്നലെ രാവിലെയാണ് ലഭിച്ചത്. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതോടെ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്ക് മാറ്റുകയായിരുന്നു.
വേറെയും ചില പരിഷ്‌കാരങ്ങള്‍ ഖാദര്‍ കമ്മിറ്റി മുന്നോട്ട് വച്ചിരുന്നെങ്കിലും അവയൊന്നും പരിഗണിക്കാന്‍ സാധ്യതയില്ല. സ്‌കൂള്‍ സമയമാറ്റം തന്നെയാണ് ഇതിലെ പ്രധാനം. എന്നാല്‍ ഇത് ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ എന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരാന്‍ അടുത്ത മന്ത്രിസഭാ യോഗം വരെ കാത്തിരിക്കേണ്ടി വരും. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്‍പ്പെടുത്തിയുള്ള സെക്കന്‍ഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടനയില്‍ ഉള്ളത്. എന്നാല്‍ കേരളം ഇതുവരെയും ഈ രീതിയിലേക്ക് മാറിയിട്ടില്ല.പകരം എട്ട് മുതല്‍ പത്ത് വരെ ഹൈസ്‌കൂളും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയും എന്ന നിലയിലാണ് കേരളത്തിലെ സമ്പ്രദായം. ഇതിലാണ് മാറ്റം കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നത്. പുതിയ തീരുമാനം നടപ്പായാല്‍ ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ ഹൈസ്‌കൂളിലും കൂടി പഠിപ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം. നേരത്തെ സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ആക്കാനായിരുന്നു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ടുമണി മുതല്‍ നാലുമണിവരെ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, തൊഴില്‍പരിശീലനം, കലാ-കായിക പരിശീലനങ്ങള്‍ തുടങ്ങിയ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *