ദേശീയ പാത നിർമ്മാണ വേളയിൽ തന്നെ കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. എംപിമാരായ എളമരം കരീം, വി ശിവദാസൻ, ജോസ് കെ മാണി, ജോൺ ബ്രിട്ടാസ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മാത്യു കുന്നപ്പള്ളി തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ, 6 വരികളിലായി ദേശീയ പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ പ്രാദേശികമായി പല ബുദ്ധിമുട്ടുകളും ജനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമേറിയ പ്രശനം ദേശീയപാതയ്ക്ക് കുറുകെ അടിപ്പാതകളും മേൽപ്പാലങ്ങളും നിർമ്മിക്കേണ്ടത്തിന്റെ ആവശ്യകതയാണ്. പ്രാദേശിക യാത്രാ ഗതാഗതത്തെ ബാധിക്കാതിരിക്കാൻ ഇത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ദേശീയ പാത നിർമ്മാണ വേളയിൽ തന്നെ ഇവിടങ്ങളിൽ അടിപ്പാത നിർമിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ ആവശ്യമായ അടിപ്പാതകളെയും മേൽപ്പാലങ്ങളെയും പറ്റി സംഘം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.