ന്യഡല്‍ഹി / പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തിലുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ വിറപൂണ്ട് പാകിസ്ഥാന്‍.
സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകസ്ഥാന് വന്‍ തിരിച്ചടിയായത്.
ജലകരാര്‍ റദ്ദാക്കാനുള്ള തീരുമാനം യുദ്ധസമാനമാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം, മുഖം രക്ഷിക്കാന്‍ ഇന്ത്യക്കെതിരെ ചില നടപടികളും ഇന്ന് ചേര്‍ന്ന പാകിസ്ഥാന്‍ സുരക്ഷാ കാര്യ സമിതിയോഗം എടുത്തു.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമ മേഖല അടയ്ക്കുമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.
ഇതു കൂടാതെ വാഗ അതിര്‍ത്തി അടയ്ക്കാനും സിംല കരാര്‍ മരവിപ്പിക്കാനും സുരക്ഷാസമിതി യോഗം തീരുമാനിച്ചു.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാന്‍ നിറുത്തിവച്ചു.
അതോടൊപ്പം കഴിഞ്ഞ ദിവസം ഇന്ത്യ ചെയ്തതുപോലെ ഇന്ത്യക്കാര്‍ക്കുള്ള എല്ലാ വിസകളും താത്കാലികമായി നിറുത്തിവച്ചു.
ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ സൈനിക ഉപദേഷ്ടാക്കള്‍ ഏപ്രില്‍ 30നകം രാജ്യം വിടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.
സാര്‍ക്ക് വിസ ഇളവ് പദ്ധതിപ്രകാരം പാകിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തുപോകാന്‍ നിര്‍ദ്ദേശമുണ്ട്.
സിഖ് തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കൈക്കൊണ്ട നടപടികള്‍ പ്രാബല്യത്തില്‍ വന്നു.
ചികിത്സയ്ക്ക് അടക്കം പാക് പൗരന്‍മാര്‍ക്ക് നല്‍കിയ എല്ലാ വിസകളും റദ്ദാക്കാനാണ് തീരുമാനം.
വിസ സേവനങ്ങള്‍ പൂര്‍ണമായി നിറുത്തിവയ്ക്കും.
പഹല്‍ഗാം ആക്രമണതക്തെ തുടര്‍ന്ന് സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയോഗം എടുത്ത തീരുമാനങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു