LOCAL NEWS

ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്ക് മുന്‍ഗണന നല്‍കി പനത്തടി പഞ്ചായത്ത് ബജറ്റ്

പാണത്തൂര്‍: ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്ക് മുന്‍ഗണന നല്‍കി പനത്തടി പഞ്ചായത്തിന്റെ 2026 – 27 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി അവതരിപ്പിച്ചു .
37 കോടി 89 ലക്ഷത്തി 77396 രൂപ പ്രതീക്ഷിത വരവും, 37 കോടി 42 ലക്ഷത്തി 03873 രൂപ ചെലവും 47 ലക്ഷത്തി 73523 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026 – 27 വര്‍ഷത്തേക്കുള്ള പനത്തടി പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി ഇന്ന് അവതരിപ്പിച്ചു. കൃഷി മൃഗസംരക്ഷണം ക്ഷീരവികസനം സ്വയംതൊഴില്‍ എന്നിവ അടങ്ങിയ ഉത്പാദന മേഖലക്കായി 1 കോടി 1ലക്ഷത്തി 1300 രൂപ വകയിരുത്തി. ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്കായി 5 കോടി രൂപ നീക്കിവെച്ചു. ശുചിത്വം, കുടിവെള്ള പദ്ധതികള്‍ക്കായി ഒരു കോടി 25 ലക്ഷം രൂപയും, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 75 ലക്ഷം രൂപയും നീക്കിവെച്ചു. വനിതാ ക്ഷേമ പദ്ധതികള്‍ക്കായി 35 ലക്ഷം രൂപയും, വയോജനക്ഷേമത്തിനായി 33 ലക്ഷത്തി 67,100 രൂപയും, ഭിന്നശേഷി വിഭാഗക്കാര്‍ക്കായി 21 ലക്ഷവും വകയിരുത്തി.

കുട്ടികളുടെ മേഖലക്കായി 17 ലക്ഷം രൂപയും, പശ്ചാത്തല മേഖല റോഡ് ഫണ്ട് ഇനത്തില്‍ 3 കോടി 49 ലക്ഷത്തി നാല്പത്തിആറായിരം രൂപയും, പശ്ചാത്തല മേഖല റോഡ് ഇതര ഫണ്ട് ഇനത്തില്‍ 91 ലക്ഷത്തി 81,000 രൂപയും നീക്കിവെച്ചു. പഞ്ചായത്തിലെ ടൂറിസം മേഖലയുടെ വികസനത്തിനായി പാണത്തൂര്‍ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് 2 ലക്ഷം രൂപയും, ടൂറിസ്റ്റ് മേഖലയുടെ വിവിധ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി ഡിപിആര്‍ തയ്യാറാക്കുന്നതിനായി 2 ലക്ഷം രൂപയും നീക്കിവെച്ചു. പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വാട്ടര്‍ ടാങ്ക് വാങ്ങുന്നതിനായി 2.5 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം ഉള്ള ആദ്യ ബജറ്റില്‍ പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖക്കുള്ളില്‍ നിന്നുകൊണ്ട് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭയില്‍ അംഗീകരിച്ചു ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റികളും പഞ്ചായത്ത് ഭരണസമിതിയും അംഗീകരിച്ച പദ്ധതികള്‍ക്കാണ് ഈ ബജറ്റില്‍ ഫണ്ട് നീക്കിവെച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇര്‍ഷാദ് ഇ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രതിനിധികള്‍, പ്രമോട്ടര്‍മാര്‍,പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണത്തില്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *