ന്യൂഡല്‍ഹി : ഇറാനെതിരെ ഇസ്‌റാഈലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ഇതോടെ മേഖലയില്‍ പുതിയൊരു യുദ്ധമുഖം തുറക്കപ്പെട്ടിരിക്കുകയാണ്. അബുദാബിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക താമസക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ദോഹയിലും റിയാദിലും സ്‌ഫോടനങ്ങള്‍ നടന്നതായി
എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഈ നഗരങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന് നിലവില്‍ വ്യക്തമല്ല.
അബുദാബിയില്‍ യു എ ഇ വ്യോമസേനയും യു എസ് വ്യോമസേനയും സംയുക്തമായി ഉപയോഗിക്കുന്ന അല്‍ ദഫ്ര എയര്‍ ബേസ് സ്ഥിതി ചെയ്യുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യു എ ഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ദോഹയിലെ അല്‍ ഉദൈദ് എയര്‍ ബേസ് യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രധാന ആസ്ഥാനമാണ്. സൗദി അറേബ്യയിലെ റിയാദിന് തെക്ക് ഭാഗത്തുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ നിലവില്‍ രണ്ടായിരത്തിലധികം അമേരിക്കന്‍ സൈനികരുണ്ട്. പേട്രിയറ്റ് മിസൈല്‍ ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ്.
ബഹ്‌റൈനിലെ മനാമയിലുള്ള യു എസ് നേവിയുടെ അഞ്ചാം കപ്പല്‍ പടയുടെ (ഫീഫ്ത് ഫ്‌ലീറ്റ്) ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ബഹ്‌റൈന്‍ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ഗള്‍ഫ് മേഖല, ചെങ്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ നാവിക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണിത്. കുവൈത്തിന് നേരെ വന്ന മിസൈലുകളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈത്തും വ്യക്തമാക്കി. ജോര്‍ദാനിലും അപായ സൂചന നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപം ആക്രമണം നടത്തിക്കൊണ്ടാണ് ഇസ്‌റാഈലും അമേരിക്കയും സംയുക്ത നീക്കം ആരംഭിച്ചത്. ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കം ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇറാനില്‍ വലിയ രീതിയിലുള്ള സൈനിക നടപടികള്‍ ആരംഭിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇസ്‌റാഈലിന് നേരെ ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയതായും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.




