തിരുവനന്തപുരം : അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഐക്യകേരളം യാഥാര്‍ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തിലാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് എന്നത് ഏറെ സന്തോഷകരമാണ്. ഇത് പുതിയൊരു കേരളത്തിന്റെ ഉദയമാണെന്നും, നമ്മുടെ സങ്കല്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കേരളത്തെ
അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യപിച്ച് സംസാരിക്കുകയായിരന്നു മുഖ്യമന്ത്രി.
ഓരോ മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോല്‍പ്പിക്കാവുന്ന ഒരു അവസ്ഥയാണ് അതിദാരിദ്ര്യം. നാടിന്റെ ആകെ സഹകരണത്തോടെയാണ് ഈ ദുരവസ്ഥയെ നാം ചേറുത്തു തോല്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ഫലപ്രദമായി ഇടപെടുകയും നേതൃത്വം വഹിക്കുകയും ചെയ്തത് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതില്‍ സഹകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകെ അതിദാരിദ്ര്യ പട്ടികയില്‍ ഉണ്ടായിരുന്നത് 64,006 കുടുംബങ്ങളാണ്. വിവിധ ഘട്ടങ്ങളിലായി 64,005 കുടുംബങ്ങള്‍ അതിദാരിദ്ര്യമുക്തമായി കഴിഞ്ഞിരുന്നു. ഒരു കുടുംബത്തിന് ബാക്കിയുണ്ടായിരുന്ന സാങ്കേതിക പ്രശ്നം മന്ത്രിസഭാ യോഗത്തില്‍ പരിഹരിച്ചതോടെ 64,006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായതായി സാക്ഷ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതൊരു തട്ടിപ്പല്ല, യാഥാര്‍ഥ്യമാണ് എന്ന് നാമെല്ലാം ഉള്‍ക്കൊള്ളണം. നാടിന്റെ ഒരുമയും ഐക്യവുമാണ് അസാധ്യം എന്നൊന്നില്ല എന്ന് അനുഭവത്തിലൂടെ തെളിയിക്കുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി എത്തിച്ചേര്‍ന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, വിവിധ വകുപ്പ് മന്ത്രിമാര്‍, നടന് മമ്മൂട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.





