രാജപുരം/ സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പനത്തടി ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 9, 10 തീയതികളില്‍ പാണത്തൂരില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. എ കെ നാരായണന്‍ നഗറില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 4:00 മണിക്ക് പാണത്തൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി മാവുങ്കാല്‍ കേന്ദ്രീകരിച്ച് 5000 ആളുകളെ പങ്കെടുപ്പിച്ച് പ്രകടനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും നടക്കും. 2102 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 17 ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 132 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഏരിയയിലെ 174 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കല്‍ സമ്മേളനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടി- കൊടിമര ജാഥകള്‍ എട്ടിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും റെഡ് വളണ്ടിയര്‍മാരുടെയും അത്ലറ്റിക്കുകളുടെയും അകമ്പടിയോടുകൂടി സമ്മേളന നഗറില്‍ എത്തിക്കും. പ്രതിനിധി നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം പകല്‍ 2ന് മാനടുക്കം പി ജി വിജയന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ജില്ലാ കമ്മിറ്റിയംഗം എംവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് പിജി മോഹനന്‍ ലീഡറായി കൊണ്ടുവരും. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പകല്‍ 11ന് കായക്കുന്ന് സി നാരായണന്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്ത് ടി വി ജയചന്ദ്രന്‍ ലീഡറായി കൊണ്ടുവരും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം കോടോം രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും പകല്‍ ഒരു മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്ത് എം സി മാധവന്‍ ലീഡറായി കൊണ്ടുവരും.
പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പൂതങ്ങാനം രക്തസാക്ഷി ആനക്കല്ല് ഗോവിന്ദന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും പകല്‍ 11ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്ത് ഇ ദാമോദരന്‍ ലീഡറായി കൊണ്ടുവരും. വിവിധ ജാഥകള്‍ക്ക് ഒടയംചാല്‍,ചുള്ളിക്കര, പൂടംകല്ല്, രാജപുരം, കള്ളാര്‍, മാലക്കല്ല്, കോളിച്ചാല്‍, പനത്തടി, ബളാന്തോട്, മാവുങ്കാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി പാണത്തൂരില്‍ സംഗമിക്കും. കഴിഞ്ഞ മൂന്നുവര്‍ഷം ഏരിയയില്‍ പാര്‍ട്ടിക്ക് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് എല്ലാം വിവിധ സമ്മേളനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിനുശേഷം 300 ല്‍ അധികം പേര്‍ കോണ്‍ഗ്രസ് – ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ എം വി കൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, എം സി മാധവന്‍, പി തമ്പാന്‍, ബിനു വര്‍ഗീസ് എന്നിവര്‍പങ്കെടുത്തു.