KERALA NEWS

പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും.നവീന്‍ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയതില്‍ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇതിന് സാഹചര്യ തെളിവുകള്‍ മാത്രമേ ഉള്ളൂ എന്നും ദിവ്യയുടെ വക്കീല്‍ വാദിച്ചു. തെളിവായി പ്രശാന്തിന്റെയും എഡിഎമ്മിന്റെയും ഫോണ്‍രേഖകളും കൈമാറി. നിരപരാധിയെ ജയിലിലടക്കാന്‍
വ്യഗ്രതയെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം കേട്ടത്. നവീന്‍ ബാബു തന്റെയടുത്തുവന്ന് കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴിയുടെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും എഡിഎം തെറ്റു പറ്റിയെന്ന് പറഞ്ഞാല്‍ കൈക്കൂലി അല്ലാതെ മറ്റെന്താണ് അര്‍ത്ഥമെന്നും ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ വാദിച്ചു.
ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ ചോദിച്ചപ്പോള്‍ അതിനെ തങ്ങള്‍ എതിര്‍ത്തില്ലെന്നും അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. പ്രശാന്തിനെതിരെ നടപടിക്ക് കാരണം കൈക്കൂലി ആരോപണം മാത്രമല്ലെന്നും പ്രശാന്തുമായി ഫോണില്‍ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. ദിവ്യക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *