എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രശാന്തിനെതിരെ കടുത്ത അച്ചടക്ക നടപടി തന്നെ ഉണ്ടായേക്കും. അതിന്റെ ഭാഗമായിട്ടാണ് സസ്പെന്‍ഷന്‍. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ ഹെല്‍പ്പറാണ് പ്രശാന്ത്. പെട്രോള്‍ പമ്പിന് അനുമതി വാങ്ങിയതില്‍ ഗുരുതര ചട്ട ലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്നെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രശാന്ത് ഇനി സര്‍വീസില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. ഇയാളെ പുറത്താക്കാനുള്ള നടപടികളും വൈകാതെ ഉണ്ടായേക്കും. പ്രശാന്തിനെതിരെയുള്ള നടപടിക്ക് നിയമോപദേശവും നേരത്തെ ആരോഗ്യ വകുപ്പ് തേടിയിരുന്നു. പ്രശാന്ത് സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയതും, അനധികൃത അവധിയെടുത്തതുമെല്ലാം നടപടിക്ക് കാരണമായിട്ടുണ്ട്. പ്രശാന്ത് നേരത്തെ പത്ത് ദിവസത്തെ അവധിക്ക് കൂടി അപേക്ഷിച്ചിരുന്നു . പരിയാരം മെഡിക്കല്‍ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്. അതേസമയം പ്രശാന്തിനെതിരെ പോലീസ് അന്വേഷണത്തിന് അടക്കം ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. പമ്പ് തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാണ് നിര്‍ദേശം. അതേസമയം പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി വേണമെന്ന കാര്യം അറിയില്ലെന്നായിരുന്നു പ്രശാന്തിന്റെ വാദം. പ്രശാന്തിന്റെ ശമ്പളം സര്‍ക്കാരില്‍ നിന്നായത് കൊണ്ട് ജീവനക്കാരുടെ സര്‍വീസ് ചടങ്ങള്‍ പ്രശാന്തിനും ബാധകമാണ്. സസ്പെന്‍ഷന്‍ പ്രാഥമിക നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.