രാജപുരം: ജവഹര്‍ പൂടംകല്ല് യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുമായി ചേര്‍ന്ന് കള്ളാര്‍, ബളാല്‍, പനത്തടി, കോടോം- ബേളൂര്‍ പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും ആയി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 27ന് ഞായറാഴ്ച പൂടംകല്ല് ബഡ്സ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ക്യാമ്പില്‍ 10 വിഭാഗങ്ങളിലായി 30 ഓളം പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രാജപുരം എയ്ഞ്ചല്‍ മെഡിക്കല്‍സ്, ചുള്ളിക്കര ലിന്നാസ് മെഡിക്കല്‍സ്, പൂടംകല്ലിലെ ജിയോ മെഡിക്കല്‍സ്, ഭാരത് മെഡിക്കല്‍സ്, നാഷണല്‍ ഹോം അപ്ലയന്‍സസ് എന്നിവിടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
750 ആളുകള്‍ ഇതേ വരെ പേര് രജിസ്റ്റര്‍ ചെയ്തു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ 27ന് രാവിലെ 11 മണിക്ക് മുമ്പായി ക്യാമ്പിലെത്തി ചേരണം. മേല്‍പ്പറഞ്ഞ പഞ്ചായത്തുകളള്‍ക്ക് പുറത്തുനിന്നുളളവര്‍ക്കും ക്യാമ്പിന്റെ സേവനം നേടാവുന്നതാണ്. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. 10 മണിക്ക് ക്യാമ്പ് ആരംഭിക്കും.ചില രേഗങ്ങള്‍ക്ക് ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതിന് രോഗിക്ക് പ്രത്യേക കാര്‍ഡ് നല്‍കും .പരമാവധി ആളുകള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. സംഘാടകസമിതി അധ്യക്ഷന്‍ ടി കെ നാരായണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി അധ്യക്ഷന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍, കണ്‍വീനര്‍ ടി.യു. മാത്യു, ട്രഷറര്‍ എന്‍. മധു, വൈസ് ചെയര്‍മാന്‍ വി.പ്രഭാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍സംബന്ധിച്ചു.