കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്‍സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കടമ്പകളേറെ. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രമെ ഇനി ഇവിടത്തെ മേല്‍വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടാന്‍ കേരളത്തെ അപേക്ഷിച്ച് എളുപ്പമാണ് എന്ന് വിലയിരുത്തലുണ്ട്. അതിനാല്‍ കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് എടുക്കാറുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. അന്യ സംസ്ഥാനങ്ങളില്‍ പോയി എളുപ്പത്തില്‍ ലൈസന്‍സ് എടുത്ത് വരുന്നവരുടെ എണ്ണം കൂടുന്നതിനാലാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കര്‍ശനമാക്കിയത് എന്നാണ് മോട്ടോര്‍ വാഹന വകുിന്റെ് വിശദീകരണം. മേല്‍വിലാസം മാറ്റുമ്പോള്‍ അപേക്ഷകന് വാഹനം ഓടിക്കാന്‍ അറിയാമോ എന്ന് ബോധ്യപ്പെടാന്‍ റോഡ് ടെസ്റ്റ് വേണമോ എന്ന കാര്യത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് തീരുമാനനെടുക്കാം. എന്നാല്‍ റിസ്‌കെടുക്കേണ്ട എന്ന കാരണത്താല്‍ മിക്ക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട് എന്നാണ് വിവരം. നേരത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെടുത്ത ലൈസന്‍സ് കാലാവധിയാകുന്നതിന് മുമ്പ് പുതുക്കാന്‍ പോലും കേരളത്തില്‍ റോഡ് ടെസ്റ്റ് വേണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി എന്നാണ് വിവരം. അതേസമയം രാജ്യത്ത് എവിടെ നിന്നും പൗരന്മാര്‍ക്ക് ലൈസന്‍സ് എടുക്കാം എന്നാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം. ലൈസന്‍സ് അനുവദിക്കുന്നതിന് രാജ്യത്തെല്ലായിടത്തും ഒരേ മാനദണ്ഡമാണ് സ്വീകരിച്ച് വരുന്നതും. അതിനിടെയാണ് കേരളത്തിലെ ടെസ്റ്റിംഗും മറ്റും കുറെക്കൂടി കര്‍ശനമാക്കിയത്. അടുത്തിടെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത രേഖ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുത്തവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. രാജ്യത്തെല്ലായിടത്തും ലൈസന്‍സ് അനുവദിക്കുന്നതിന് ഒരേ മാനദണ്ഡം നിലവിലിരിക്കെ കേരളത്തിലെ സാഹചര്യം കോടതി കയറുമോയെന്നതും വിഷയമാണ്.