ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍, സാങ്കേതിക തകരാര്‍ നേരിട്ട എയര്‍ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എക്‌സ് ബി 613 നമ്പര്‍ ബോയിംഗ് 737 വിമാനമാണ് രാത്രി 8.14 ഓടെ സാധാരണ നിലയില്‍ തിരിച്ചിറക്കിയത്. ട്രിച്ചി വിമാനത്താവള പരിധിയില്‍ 2.35 മണിക്കൂര്‍ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചാണ് വിമാനം തിരിച്ചിറക്കിയത്. 140 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്.
ട്രിച്ചിയില്‍ നിന്ന് വൈകീട്ട് 5.43നാണ് വിമാനം പറന്നുയന്ന ഉടനാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് എയര്‍ ട്രാഫിക്കിന്റെ നിര്‍ദേശം അനുസരിച്ച് വിമാനം ട്രിച്ചി മേഖലയില്‍ നിരവധി തവണ വട്ടമിട്ട് പറക്കുകയായിരുന്നു. പിന്നീട് തകരാറിലായ ഹൈഡ്രോളിക് സംവിധാനം പ്രവര്‍ത്തനക്ഷമാമയെന്നും വിമാനം സാധാരണ നിലയില്‍ തിരിച്ചിറക്കാന്‍ സാധിച്ചുവെന്നുമാണ് അറിയുന്നത്.
ഹൈഡ്രോളിക് തകരാര്‍ നേരിട്ടാല്‍ വിമാനം വയര്‍ഭാഗം ഇടിച്ചിറക്കുന്ന ബെല്ലി ലാന്‍ഡിംഗ് നടത്തേണ്ടി വരുമെന്ന ഭയത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. 20ല്‍ അധികം ആംബുലന്‍സുകളും അഗ്‌നി രക്ഷാ സേനയും സജ്ജമായി നിന്നിരുന്നു.