KERALA NEWS

എംപോക്സ് കേസ്; വിദേശത്ത് നിന്ന് വന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു

കേരളത്തില്‍ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇന്നലെ വൈകീട്ടോടെയാണ് രോഗ നിര്‍ണയം നടത്തിയത്. അതേസമയം രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തേത്ത് ക്ലേഡ് വണ്‍ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എറണാകുളത്തെ യുവാവിന് പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്സിന് സമാനമായ തുടിപ്പുകളും കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ക്ലേഡ് വണ്‍ ആദ്യമായിട്ടാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. പശ്ചിമ ആഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളതാണ് ക്ലേഡ് വണ്‍. ഇതിന്റെ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനെ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നത്. രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. നിലവില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള് പ്രകാരമാണ് എംപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *