ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ഇതില്‍ ഒരു മൃതദേഹവും ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാവിലെ പതിനൊന്നരയോടെ ഇപ്പോള്‍ ലോറി കണ്ടെത്തിയ ഭാഗം ഏതാണ്ട് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് മണിയോടെയാണ് ലോറിയുടെ ക്യാബിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് കിട്ടിയത് അസ്ഥിയുടെ ഒരു ഭാഗം മാത്രമാണെന്നാണ് ലഭ്യമായ വിവരം. തുടര്‍ന്ന് ലോറി അര്‍ജുന്‍ ഓടിച്ചിരുന്നത് തന്നെയാണെന്ന് ഉടമയായ മനാഫും മുബീനും സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്. നീണ്ട 71 ദിവസത്തെ തീവ്ര ശ്രമത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് ദൗത്യ സംഘം കണ്ടെടുത്തത്. രണ്ട് ഘട്ട തിരച്ചില്‍ പരാജയപ്പെട്ടതോടെയാണ് ഡ്രഡ്ജര്‍ എത്തിച്ചു കൊണ്ടുള്ള മൂന്നാം ഘട്ടത്തിന് തുടക്കമായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് തുടരുകയായിരുന്നു. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഇന്ന് തിരച്ചിലില്‍ ലോറി കണ്ടെത്തിയത്. അര്‍ജുന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ തുടരുകയായിരുന്നു.
