KERALA NEWS

ചൂടില്‍ വിയര്‍ത്ത് കേരളം; ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ടു ജില്ലകളില്‍ താപനില മുന്നറിയിപ്പ് ഉണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും അടുത്ത ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ഉണ്ട്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് ( 37.8). ചൂട് ഉയരുന്നതിനിടെ തൃശൂര്‍ , എറണാകുളം ജില്ലകളിലെ ചില മേഖലകളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചു. മധ്യ തെക്കന്‍ ജില്ലയില്‍ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതേ സമയം സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ ആയതിനാല്‍ ആളുകളള്‍ ജ?ഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30 വരെയാണ് പുനക്രമീകരിച്ചത്. താപ നില ഉയരുന്ന സാഹചര്യത്തിലാണ് ജോലി സമയം പുന ക്രമീകരിച്ചുകൊണ്ടുളള ലേബര്‍ കമ്മീഷണറേറ്റിന്റെ ഉത്തരവ്. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ഉള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും. വൈകീട്ട് മൂന്നിന് ഇത് പുനരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് ദൈനംദിന പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *