നവ കേരള സദസിന് കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുതുചരിത്രം തുടങ്ങുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിവാദങ്ങൾക്ക് വേണ്ടി കളയാൻ സർക്കാരിന് സമയമില്ലെന്നും ഇതൊരു ആഡംബര യാത്രയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9ന് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. മണ്ഡലങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ സദസ് ഉദ്ഘാടനത്തിന് മൂന്നുമണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങും . മുഴുവൻ പരാതികളും സ്വീകരിക്കുന്നതുവരെ കൗണ്ടറുകൾ പ്രവർത്തിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുണ്ടാകും. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകും. തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കും. പരാതികളിൽ രണ്ടാഴ്ചയ്ക്കകവും പരമാവധി നാലാഴ്ചയ്ക്കകവും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പു മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. 45 ദിവസത്തിനകം തീർപ്പാക്കും