NATIONAL NEWS

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂർ ജനതയ്ക്കൊപ്പം ഈ രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഈ രാജ്യമുണ്ടെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ ആദ്യ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽ പോലും മണിപ്പൂരിനെ കുറിച്ച് പരാമർശമുണ്ടായില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ചോദ്യം ചോദിച്ചവർക്ക് ഉത്തരം കേൾക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞു. സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് അവർ നടത്തുന്നതെന്നും മോദി വിമർശിച്ചു.മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. കലാപത്തിൽ പങ്കാളിയായവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി കൊടുക്കും. മണിപ്പൂരിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, ഒരുമിച്ച് നമ്മൾ ഈ പ്രതിസന്ധിയെ നേരിടുമെന്നാണ്. സമാധാനം പുനസ്ഥാപിക്കാൻ അതിലൂടെ സാധിക്കും. മണിപ്പൂർ വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം മണിപ്പൂർ ചർച്ച പ്രതിപക്ഷം അട്ടിമറിച്ചു. ആഭ്യന്തര മന്ത്രി മണിപ്പൂരിനെ കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം 2028ൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ തയ്യാറെടുപ്പുകളോടെ വരണമെന്നും മോദി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *