കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ ജെയ്ക് സി തോമസ് തന്നെ മൽസരിച്ചേക്കും. ജെയ്കിന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഒന്നിലധികം പേരുകൾ ചർച്ച ചെയ്തുവെങ്കിലും ജെയ്ക് മൽസരിക്കുന്നതാണ് ഗുണം ചെയ്യുക എന്നാണ് സിപിഎം ജില്ലാ നേതാക്കളുടെനിലപാട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം മൽസരിപ്പിച്ചത് ജെയ്ക് സി തോമസിനെ ആയിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ അന്ന് ജെയ്കിന് സാധിച്ചു എന്നാണ് പാർട്ടി വിലയിരുത്തിയത്. ഉമ്മൻ ചാണ്ടിക്ക് ശേഷം മകൻ ചാണ്ടി ഉമ്മൻ മൽസരിക്കുമ്പോഴും സിപിഎം മറ്റൊരു പേര് നിർദേശിക്കുന്നില്ലെന്നാണ് വിവരം. സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും പുതുപ്പള്ളിയിലെ സ്ഥാനാർഥി ആരാകണം എന്ന കാര്യത്തിൽ ചർച്ച നടത്തും. ഒരുപക്ഷേ, നാളെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേരത്തെ നേതാക്കൾ അറിയിച്ചിരുന്നത്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ചിത്രം തെളിയും. കോൺഗ്രസിൽ അസംതൃപ്തിയുള്ള വ്യക്തിയെ മൽസരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നു എന്ന അഭ്യൂഹമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തംഗം നിബു ജോണിന്റെ പേരാണ് ഉയർന്നു കേട്ടത്. എന്നാൽ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. സിപിഎമ്മിന് സ്വന്തമായി സ്ഥാനാർഥിയെ നിർത്താൻ ധൈര്യമില്ലാത്തതിനാലാണ് മറ്റുള്ളവരെ തേടുന്നതെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിക്കുകയും ചെയ്തു. 53 വർഷം ഉമ്മൻ ചാണ്ടി നിയമസഭയിൽ പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. ഇത്രയും കാലം ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ചുവെന്ന റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലായിരുന്നു. 27ാം വയസിൽ നേടിയ ആദ്യ ജയത്തിന് ശേഷം മരണം വരെ അദ്ദേഹം പുതുപ്പള്ളി എംഎൽഎയായി. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
