രാജപുരം : തോട് കൈയേറി അനധികൃത പഴം-പച്ചക്കറി വ്യാപാരം നടത്തി വന്ന കട പൊളിച്ചു നീക്കാന്‍ പഞ്ചായത്തു നല്‍കിയ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരന്റെ കേസ് കോടതി തളളി. കോളിച്ചാല്‍ ടൗണില്‍ മലയോര ഹൈവേയുടെയും തോടിന്റെയും ഇടയില്‍ പാലത്തിനോടു ചേര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് നിര്‍മ്മിച്ച കട സംരക്ഷിക്കണമെന്നാവശ്യപെട്ട്് മരുതോം സ്വദേശി ഷാജു ഹോസ്ദുര്‍ഗ് മുനിസിഫ് കോടതിയില്‍ സമര്‍പ്പിച്ച ഒ.എസ് നമ്പര്‍ 43/22 കേസാണ് കോടതി തളളിയത്.
തോട് പുറംമ്പോക്ക് കൈയേറി അനധികൃത വ്യാപാരം നടത്തുകയും കടയിലെ മാലിന്യം തോട്ടിലേക്ക് വലിച്ചെറിഞ്ഞ് തോട് മലിനപ്പെടുത്തുന്നതിനെതിരെ പനത്തടി പഞ്ചായത്തംഗം എന്‍ വിന്‍സെന്റ് ജില്ല കലക്ടര്‍ക്കും കളളാര്‍ പഞ്ചായത്ത് സെക്രട്ടറിക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് കളളാര്‍ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ ഉടമയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് കലക്ടറെയും പഞ്ചായത്ത് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി ഷാജു കേസ് നല്‍കിയത്.കളളാര്‍ പഞ്ചായത്തിനുവേണ്ടി അഡ്വ.പി.കെ ചന്ദ്രശേഖരന്‍ നായര്‍, അഡ്വ.വി.എം ഗായത്രി എന്നിവരും കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടി എ.ജി.പി അജയകുമാറും ഹാജരായി.