LOCAL NEWS

വനത്തെ അടുത്തറിയാന്‍ കുട്ടികള്‍ വനത്തിലേയ്ക്ക് മഴനടത്തം സംഘടിപ്പിച്ചു.

കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റാണ് മഴനടത്തം സംഘടിപ്പിച്ചത്. കേരള വനം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കുട്ടികളില്‍ പ്രകൃതിസ്‌നേഹമുണ്ടാക്കുക, വനത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കുക, പ്രകൃതിയെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ മഴനടത്തത്തിന്റെ ഭാഗമായി അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജനം, സഞ്ചാരികള്‍ കാട്ടുവഴികളില്‍ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വളണ്ടിയര്‍മാര്‍ നടത്തി.
യാത്രയ്ക്കിടയില്‍ പെയ്ത ചെറുമഴ നനഞ്ഞും കാട്ടുപക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെ അടുത്തു കണ്ടും നീങ്ങിയ സംഘാംഗങ്ങള്‍ വിവിധയിനം സസ്യങ്ങളും മരങ്ങളും പരിചയപ്പെട്ടു.
മഴനടത്തത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ എല്‍.ശരണ്യ, പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി, ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണു കൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ അനൂപ് കുമാര്‍, ഷിനിത്ത് പാട്യം, വി.ടി.ശൈലജ, എസ്.ഷീന എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *