രാജപുരം : മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമാകേണ്ട പൂടംകല്ലിലെ താലൂക്ക് ആശുപത്രി രോഗികളെ കൈയൊഴിയുന്നു.ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി വർഷങ്ങൾ ഏറെയായെങ്കിലും താലൂക്ക് ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും ആത്യാവശ്യത്തിനുപോലും ഡോക്ടർന്മാരില്ലാത്തതിനാൽ രോഗികൾ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പതിനഞ്ചിലേറെ ഡോക്ടർമാർ ആവശ്യമുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഏഴോളം ഡോക്ടർമാർ മാത്രമാണ് പേരിനുളളത്. പലദിവസങ്ങളിലും ഇതിന്റെ പകുതിപോലും ഉണ്ടാകാറില്ല. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ പറ്റാത്ത സ്ഥിതിയാണുളളത്. പല ഉപകരണങ്ങളും പ്രവർത്തിക്കുവാൻ ആവശ്യത്തിന് സ്റ്റാഫും ഇല്ല. ആശുപത്രിയിൽ നേഴ്സുമാരുടെ എണ്ണവും കുറവാണ്. മലയോര മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയാണ് പൂടംകല്ല് താലൂക്ക് ആശുപത്രി. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല. ഡോക്ടർമാരുടെ കുറവ് മൂലമാണ് സേവനം നിർത്തിവച്ചിരിക്കുന്നതെന്നാണ് മെഡിക്കൽ ഓഫീസറുടെ അറിയിപ്പ്. ഇത് വലിയ രീതിയിലാണ് മലയോര ജനതയെ ബാധിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പ്രാഥമിക ചികിത്സ പോലും ലഭിക്കാത്ത അവസ്ഥയാണ് മലയോരത്തെ ജനങ്ങൾക്ക്. പൂടംകല്ല് താലൂക്ക് ആശുപത്രി കഴിഞ്ഞാൽ പിന്നീട് 25 ഓളം കിലോമീറ്റർ താണ്ടി വേണം ഇവിടുത്തുകാർക്ക് മറ്റൊരു ആശുപത്രിയെ ആശ്രയിക്കാൻ. എന്നാൽ ഇത്രയും ദൂരം യാത്ര ചെയ്യുമ്പോഴേക്കും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകും..
ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട അധികാരികളുടെ നിഷേധാത്മക നടപടിയിൽ പ്രതിഷേധിച്ച് മുഴുവൻ ഡോക്ടർമാരുടെയും ഒഴിവുകൾ നികത്തുക, ആവശ്യത്തിനുള്ള പാര മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുക, രാത്രികാലങ്ങളിലും ഡോക്ടർമാരുടെ സേവനം ലഭ്യമാകുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. ചുള്ളിക്കര ടൗണിൽ നിന്നും തുടങ്ങുന്ന മാർച്ചിലും തുടർന്ന് നടക്കുന്ന ധർണയിലും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ, ലോകപ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധ സമരത്തിന്റെ മുന്നോടിയായി നാളെ രാവിലെ പാണത്തൂരിൽ നിന്നും ഒടയംചാൽ വരെ വാഹന പ്രചരണ ജാഥ നടത്തും. സംഘാടകസമിതി ചെയർമാൻ ടി കെ നാരായണൻ, കൺവീനർ ശശികുമാർ, എയിംസ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലിം സന്ദേശം ചൗക്കി, വൈസ് പ്രസിഡന്റ് ആർ സൂര്യനാരായണ ഭട്ട്, വ്യാപാരി വ്യവസായി പ്രതിനിധി സി ടി ലൂക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.