സംസ്ഥാനത്ത് നാളെ കെ എസ് യു പഠിപ്പ് മുടക്ക് സമരം നടത്തും. കേരള വർമ കോളേജിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി സമരവുമായി സഹകരിക്കാൻ കെ എസ് യു സംസ്ഥാന കമ്മിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മാർച്ച് നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് ഫലം കാണാതെ വന്നതോടെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ലാത്തിയടിയിൽ കെഎസ്‌യു സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം നസിയ ഉൾപ്പെടേയുള്ളവർക്ക് പരിക്കേറ്റു. നസിയയുടെ മുഖത്താണ് അടിയേറ്റത്. ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിന്റെ തലയ്ക്കും അടിയിൽ പരുക്കേറ്റിട്ടുണ്ട്. പ്രകോപനമില്ലാതെ പൊലീസ് ലാത്തിവീശിയെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതിനിടയിൽ കേരളീയത്തിന്റെ പ്രചരണ സാമഗ്രികളും പ്രവർത്തകർ തകർത്തു.തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ എസ് യുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തിരെഞ്ഞടുപ്പോ, ചെയർമാനായി എതിർ സ്ഥാനാർത്ഥി സ്ഥാനമേൽക്കുന്നതോ തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സംഭവത്തിൽ മാനേജരുടെയും പ്രിൻസിപ്പാളിന്റെയും വാദം കേൾക്കുമെന്നും വ്യക്തമാക്കി. എന്നാൽ എസ് എഫ് ഐയുടെ നെറികേടിനെ കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതായി കെ എസ് യു നേതാവ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. കോടതിയിൽ വിജയം കെ എസ് യുവിനൊപ്പമാണ്. . നീതിപീഠം ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സമരം തുടങ്ങിയത്. ഭരണസംവിധാനങ്ങളാകെ മറുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും ലവലേശം പിന്നോട്ട് പോയില്ല. വിജയം കണ്ടേ മടങ്ങൂ എന്ന തീരുമാനത്തിൽ ഉറച്ചുനിന്നെന്നും അദ്ദേഹം പറഞ്ഞു. കേരളവർമ്മ കോളജിലെ വോട്ടെണ്ണലിൽ അവ്യക്തത ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പ് രേഖകളുമായി അടിയന്തരമായി ഹാജരാകാൻ റിട്ടേണിംഗ് ഓഫീസർക്കും പ്രിൻസിപ്പാളിനും ഹൈക്കോടതിയുടെ നിർദേശം. കെ എസ് യു ചെയർമാൻ സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടന്റെ ഹർജി തള്ളണമെന്ന യൂണിവേഴ്‌സിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചു. ഹർജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
