DISTRICT NEWS

കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി

കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി. ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ. വി. സുജാത നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സരസ്വതി അധ്യക്ഷയായിരുന്നു. മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി. ജോസ് നന്ദിയും പ്രകാശിപ്പിച്ചു. കേരള സർക്കാർ ലോക ബാങ്കിന്റെയും എ.ഐ.ഐ.ബിയുടെയും പിന്തുണയോടെ നടപ്പിലാക്കിവരുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) യിലൂടെ മുന്നൂറ് മില്യൻ യു. എസ്. ഡോളറിന്റെ പദ്ധതികളാണ് അടുത്ത അഞ്ച് വർഷം കൊണ്ട് ലക്ഷ്യമിടുന്നത്.ഖരമാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ആധുനിക സാങ്കേതിക മികവോടെ മാലിന്യ പരിപാലനം സംസ്‌കരണം എന്നിവക്ക് ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിന് എല്ലാ മേഖലയിൽനിന്നുമുള്ള നിർദ്ദേശങ്ങളും പങ്കാളിത്തവും ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ (കെ. എസ്. ഡബ്ല്യൂ. എം. പി) കാഞ്ഞങ്ങാട് നഗരസഭക്ക് നീക്കിവെച്ചിരിക്കുന്ന 12.9 കോടി രൂപയുടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള കൂടിയാലോചനയോഗം നിലവിലുള്ള സംവിധാനങ്ങളും പോരായ്മകളും വിലയിരുത്തി. ക്ലാസുകൾക്കും ഗ്രൂപ്പ് ചർച്ചകൾക്കും KSWMP ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി കോർഡിനേറ്റർ മിഥുൻ കൃഷ്ണൻ കെ. വി, സോഷ്യൽ എക്സ്പെർട്ട് രാജീവ് എൻ. ആർ. മോണിറ്ററിങ് എക്സ്പെർട്ട് ബൈജു സി. എം., എൻവയോണ്മെന്റൽ എക്സ്പെർട്ട് ഡോ. മഗേഷ് ജി, ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്റ് ഉദ്യോഗസ്ഥൻ അജയകുമാർ, പ്രേംലാൽ, സുലാൽ സാമുവേൽ, രോഹിത് രാജ് എന്നിവർ നേതൃത്വം നൽകി.
നഗരസഭ വൈസ് ചെയർമാൻ അബ്ദുല്ല ബിൾടെക്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ അനീഷൻ, അശോക് കുമാർ, ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു. മാലിന്യ പരിപാലനവും സംസ്‌കരണവും സംബന്ധിച്ച ക്ലാസുകൾക്ക് പുറമെ വിശദമായ ഗ്രൂപ്പ് ചർച്ചകളും നടന്നു. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന പ്രവർത്തകർ ,ആശ വർക്കേഴ്സ്,അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരിപ്രധിനിധികൾ, റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ, അധ്യാപക- വിദ്യാർത്ഥി പ്രതിനിധികൾ, യുവജന സംഘടനാ പ്രവർത്തകർ, മാധ്യമ പ്രതിനിധികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ പരിപാടിയിൽ സംബന്ധിച്ച് ചർച്ചകളിൽ പങ്കാളികളായി. ഗാർഹിക തലത്തിലെയും സ്ഥാപന, സാമൂഹിക തലത്തിലെയും നിലവിലെ മാലിന്യ നിർമ്മാർജ്ജന സംവിധാനം സംബന്ധിച്ചും അവ മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു. ഹരിതകർമ്മ സേന, സാനിറ്ററി വർക്കേഴ്സ് തുടങ്ങി മാലിന്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. ശാസ്ത്രീയ നൂതന പദ്ധതികളും പുനരുപയോഗ സംവിധാങ്ങളും നടപ്പിലാക്കുമ്പോൾ കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താനാകുമെന്നും യോഗം വിലയിരുത്തി. കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശമുണ്ടായി. മാലിന്യ പരിപാലന പദ്ധതി കൂടുതൽ ജനപങ്കാളിത്തത്തോടെ നടപ്പിൽ വരുത്തുന്നതിനുള്ള പരിപാടികൾ കൂടിയാലോചന യോഗം നിർദ്ദേശിച്ചു.ക്ലാസ്സുകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അടുത്ത അഞ്ചു വർഷത്തേക്കുള്ള ഖരമലിന്യ പരിപാലന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതാണെന്നുനഗരസഭ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *