LOCAL NEWS

പൊന്നോണക്കാലത്തിന് തുടക്കമിട്ട് അത്തമെത്തി

പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് നാളെ അത്തം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. നാളെ മുതല്‍ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും. ഇത്തവണ സെപ്തംബര്‍ ആറിനാണ് അത്തം. സെപ്തംബര്‍ 15 ന് തിരുവോണം. ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് അത്തച്ചമയ ഘോഷയാത്രയും നാളെ നടക്കും. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജ ഭരണ കാലത്തെ അത്തച്ചമയം. 1949 ല്‍ തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിന്റെ ഭാഗമായാണ് അത്തച്ചമയം ആചരിക്കുന്നത്. സര്‍വമതസ്ഥരും ആഘോഷിക്കുന്നതിനാല്‍ തന്നെ അത്തച്ചമയത്തിന് മതേതരത്വത്തിന്റെ പ്രതിച്ഛായയും ഉണ്ട്. അത്തം നാളിലാണ് ഓണത്തിന് പൂക്കളമിട്ട് തുടങ്ങുന്നത്. എന്നാല്‍ അത്തം നാളിലെ പൂക്കളത്തിനും ചില പ്രത്യേകതകളുണ്ട്. അത്തം നാളില്‍ തുമ്പപ്പൂ ഇട്ടുകൊണ്ടാണ് പൂക്കളം ഇടേണ്ടത്. പിന്നീട് തുളസിപ്പൂവും ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളുകളില്‍ ഈ രണ്ട് പൂക്കള്‍ മാത്രമാണ് പൂക്കളമിടേണ്ടത്. മൂന്നാം ദിവസം മുതല്‍ നിറങ്ങളുള്ള പൂക്കള്‍ ഉപയോഗിക്കാം. അത്തം നാളിലെ പൂക്കളത്തിന് ഒരു നിര പൂ മാത്രമേ പാടുള്ളൂ. പ്രജകളെ കാണാനെത്തുന്ന മാവേലിയെ വരവേല്‍ക്കാനുള്ള പൂക്കളത്തിന് എന്തെല്ലാം പ്രത്യേകതകളാണല്ലേ. എന്നാല്‍ പൂക്കളമൊരുക്കാനുള്ള തിരക്കിനിടയില്‍ പ്രിയപ്പെട്ടവര്‍ക്ക് അത്തം ആശംസകള്‍ അറിയിക്കാന്‍ മറക്കരുത്. എല്ലാ വായനക്കാര്‍ക്കും ഗ്രാമശബ്ദത്തിന്റെ അത്തം ആശംസകള്‍……

Leave a Reply

Your email address will not be published. Required fields are marked *