കാസർകോട്: പട്രോളിംഗിനിടെ എസ് ഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോൾഡൻ റഹ്‌മാൻ(34) അറസ്റ്റിൽ. പ്രതിയെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഉപ്പള ഹിദായത്ത് നഗറിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രികാല പട്രോളിങ്ങിൻറെ ഭാഗമായാണ് പോലീസ് സംഘം ഉപ്പള ഹിദായത്ത് നഗറിലെത്തിയത്. ഇതിനിടയിൽ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇവരോട് വിവരങ്ങൾ തിരക്കുന്നതിനിടയിലാണ് സംഘം പോലീസിനെ ആക്രമിച്ചത്. എസ്‌ഐയെ കല്ല് കൊണ്ട് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ എസ്‌ഐയുടെ വലതുകൈയ്ക്ക് പൊട്ടലുണ്ടായി. സിവിൽ പോലീസ് ഓഫീസർ കിഷോറിനും പരിക്കേറ്റു. സംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്നാണ് ഗോൾഡൻ റഹ്‌മാനെ അറസ്റ്റ് ചെയ്തത്. ഉപ്പള സ്വദേശികളായ റഷീദ്, അഫ്സൽ എന്നിവരും കണ്ടാലറിയാവുന്ന മറ്റുരണ്ടുപേരും കേസിൽ പ്രതികളാണ്. ഗോൾഡൻ റഹ്‌മാനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
