KERALA NEWS

‘മഴയാണ്, മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്’; കുട്ടികളെ വീണ്ടും ചേർത്ത് പിടിച്ച് കൃഷ്ണ തേജ

ആലപ്പുഴ ജില്ലയിൽ കളക്ടറായി പ്രവർത്തിക്കുമ്പോഴാണ് വി ആർ കൃഷ്ണ തേജ കുട്ടികളുടെ കളക്ടർ മാമനായത്. കൊവിഡ് കാലത്ത് കുട്ടികളുടെ ആശങ്കകൾ അകറ്റാൻ സോഷ്യൽ മീഡിയയിൽ രസകരമായ കുറിപ്പുകളുമായി എത്തിയതോടെയാണ് അദ്ദേഹം കുട്ടികൾക്ക് കളക്ടർ മാമനായത്. കളക്ടറെ കാണാനും ആവശ്യങ്ങൾക്കുമായി ഒട്ടേറെ കുട്ടികളായിരുന്നു ആ സമയത്ത് കളക്ട്രേറ്റിൽ എത്തിയത്. ഇപ്പോൾ തൃശൂരേക്ക് സ്ഥലം മാറി വന്നപ്പോഴും അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട കളക്ടർ മാമൻ തന്നെയാണ്. ഇപ്പോഴിതാ മഴക്കാലത്ത് കുട്ടികൾക്ക്് കുഞ്ഞ് ഉപദേശവുമായി അദ്ദേഹം പങ്കുവച്ച പോസ്റ്റ് വൈറലാകുകയാണ്. നാളെ തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് അവധിയാണെന്നും എന്നുവച്ച് മഴയത്ത് കളിക്കാനോ വെള്ളത്തിൽ ഇറങ്ങാനോ ഒന്നും നിക്കരുതെന്ന് കളക്ടർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എല്ലാ കുട്ടികളും അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടിൽ തന്നെ ഇരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയപ്പെട്ട കുട്ടികളെ,

രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുൻനിർത്തി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തിൽ ഇറങ്ങാനോ ഒന്നും നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്. അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടിൽ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്. അതേസമയം, കളക്ടർ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *