KERALA NEWS

പുതുപ്പളളിയിൽ പുതുചരിത്രം, റെക്കോർഡ് ഭൂരിപക്ഷത്തിൽ കൂറ്റൻ വിജയം പ്രവചിച്ച് ‘ദ ഫോർത്ത്’ സർവ്വേ

കോട്ടയം: കോൺഗ്രസിന്റെ കുത്തക മണ്ഡലമാണെങ്കിൽ പോലും പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും എൽഡിഎഫിനും നിർണായകമാണ്. വർഷങ്ങൾക്ക് ശേഷമാണ് ഉമ്മൻചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിന് പുതുപ്പള്ളി സാക്ഷിയാകുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പുതുപ്പള്ളിയിൽ കന്നിയങ്കത്തിന് ഇറങ്ങിയ ചാണ്ടി ഉമ്മൻ അപ്പന് പിൻഗാമിയാകുമോ അതോ മൂന്നാം അങ്കത്തിൽ പുതുപ്പളളി ജെയ്ക് സി തോമസ് കൈപ്പിടിയിലൊതുക്കുമോ. ദ ഫോർത്ത്-എഡ്യുപ്രസുമായി ചേർന്ന് നടത്തിയ സർവ്വേ പ്രവചിക്കുന്നത് ചാണ്ടി ഉമ്മന്റെ വിജയമാണ്. രണ്ട് ഘട്ടമായാണ് എഡ്യുപ്രസ് സർവ്വേ നടത്തിയത് എന്ന് ദ ഫോർത്ത് വ്യക്തമാക്കുന്നു. പുതുപ്പളളിയിൽ വെറും വിജയമല്ല, കൂറ്റൻ വിജയം ഉമ്മൻചാണ്ടിയുടെ മകൻ സ്വന്തമാക്കും എന്നാണ് സർവ്വേയിലെ കണ്ടെത്തൽ. ഉമ്മൻചാണ്ടി നേടിയതിനേക്കാൾ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ നേടാൻ സാധ്യതയുണ്ടെന്നും സർവ്വേ പറയുന്നു. ദ ഫോർത്ത്-എഡ്യുപ്രസ് സർവ്വേ പ്രകാരം ചാണ്ടി ഉമ്മൻ 72.85 ശതമാനം വോട്ട് സ്വന്തമാക്കും. പുതുപ്പളളിയിലെ 1,75605 വോട്ടർമാരിൽ 102548 പേരും ചാണ്ടി ഉമ്മനെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കും. എതിരാളിയായ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ലഭിക്കുക വെറും 22.92 ശതമാനം വോട്ട് മാത്രമായിരിക്കും. അതായത് 40,347 വോട്ടുകൾ. ബിജെപിയുടെ സ്ഥാനാർത്ഥി ജി ലിജിൻലാലിന് 4991 വോട്ടുകൾ മാത്രമേ ലഭിക്കൂ എന്നും സർവ്വേ പറയുന്നു. ചാണ്ടി ഉമ്മന് ലഭിക്കുക 60,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമായിരിക്കും. സർവ്വേ ഫലിച്ചാൽ ഇത് പുതുപ്പള്ളി നിയമസഭാ മണ്ഡലം ഇതുവരെ കാണാത്ത റെക്കോർഡ് ഭൂരിപക്ഷം ആയിരിക്കും. 12 തവണ പുതുപ്പളളിയുടെ എംഎൽഎ ആയിരുന്ന ഉമ്മൻചാണ്ടിക്ക് ഇതുവരെ നേടാനായ ഏറ്റവും വലിയ ഭൂരിപക്ഷം 33,225 വോട്ടിന്റേതാണ്. 2011ലെ തിരഞ്ഞെടുപ്പിൽ സുജ സൂസൻ ജോർജിന് എതിരെയായിരുന്നു ഈ വിജയം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർ ഇറങ്ങിയുളള പുതുപ്പളളിയിലെ ഇടത് പ്രചാരണത്തിൽ ഉന്നയിക്കുന്ന പ്രധാന വിഷയം വികസനമാണ്. മുഖ്യമന്ത്രി കൂടിയായിരുന്ന ഉമ്മൻചാണ്ടി എംഎൽഎ ആയിരുന്നിട്ടും പുതുപ്പള്ളി വികസനത്തിൽ ഏറെ പിന്നിലാണ് എന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് വികസന കാര്യത്തിൽ പുതുപ്പളളിയിലെ വോട്ടർമാരുടെ പ്രതികരണമെന്നാണ് ഫോർത്തിന്റെ സർവ്വേ ഫലം വ്യക്തമാക്കുന്നത്. സർവ്വേ പ്രകാരം മണ്ഡലത്തിലെ 29.12 ശതമാനം പേർ മാത്രമാണ് വികസന കാര്യത്തിൽ പൂർണ തൃപ്തരായിട്ടുളളത്. 55.19 ശതമാനം വോട്ടർമാർ പറയുന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്നാണ്. വികസനം ഒരു പ്രശ്നമായി നിലനിൽക്കുമ്പോഴും ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷമുളള വൈകാരിക പശ്ചാത്തലത്തിൽ ചാണ്ടി ഉമ്മന് വിജയം അനായാസമായേക്കും എന്നാണ് സർവ്വേ വിലയിരുത്തുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *