NATIONAL NEWS

ആദിത്യ എൽ-1 ദൗത്യ വിക്ഷേപണത്തിന് മുമ്പ് ചെങ്കലമ്മ ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ അധ്യക്ഷൻ

ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിലേക്കുള്ള മിഷനായ ആദിത്യ എൽ-1 വിക്ഷേപണത്തിന് മുമ്പ് ക്ഷേത്ര സന്ദർശനവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുലൂർപേട്ടയിലെ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചന്ദ്രയാൻ മൂന്നിന് ശേഷം ഐഎസ്ആർഒയുടെ ദൗത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. അതേസമയം ശനിയാഴ്ച്ച 11.50ന് ആദിത്യ മിഷൻ ലോഞ്ച് ചെയ്യുമെന്ന് സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.ഇസ്രൊയുടെ സൗര ദൗത്യം സൂര്യനെ കുറിച്ചുള്ള പഠനത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യന്റെ ശരിയായ റേഡിയസിൽ എത്താൻ 125 ദിവസം എടുക്കുമെന്ന് സോമനാഥ് വ്യക്തമാക്കി. അതേസമയം സൂര്യനിലേക്കുള്ള ദൗത്യത്തിന് പിന്നാലെ ഇസ്രൊ നിരവധി മിഷനുകൾ ലോഞ്ച് ചെയ്യും. എൽവി-ഡി3, പിഎസ്എൽവി അതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചന്ദ്രയാൻ മൂന്നിന്റെ ഇതുവരെയുള്ള സഞ്ചാരമെല്ലാം പോസിറ്റീവാണ്. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ആദിത്യ-എൽ1 മിഷന് വേണ്ടിയുള്ള റിഹേഴ്സൽ ഐഎസ്ആർഒ ടീം പൂർത്തിയാക്കിയതായി സോമനാഥ് അറിയിച്ചിരുന്നു. ദൗത്യത്തിന് വേണ്ടി തയ്യാറായി കഴിഞ്ഞു. റോക്കറ്റും, ഉപഗ്രഹങ്ങളും റെഡിയായി കഴിഞ്ഞു. അതിന് വേണ്ട റിഹേഴ്സലും പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സൂര്യനെ പഠിക്കാനായി ഇന്ത്യ അയക്കുന്ന മിഷനായ ആദിത്യ-എൽ1 ശ്രീഹരിക്കോട്ടയിൽ നിന്ന് നാളെയാണ് വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് മുപ്പതിന് ലോഞ്ച് റിഹേഴ്സലുകളും, ഇന്റേണൽ പരിശോധനയുമെല്ലാം ഇവ പൂർത്തിയാക്കിയിരുന്നു. സൂര്യൻ പൂർണമായ അർത്ഥത്തിൽ പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ മിഷനാണിത്. പിഎസ്എൽവി-സി57 റോക്കറ്റ് ഉപയോഗിച്ചാണ് ദൗത്യം വിക്ഷേപിക്കുക. സ്പെഷ്യലൈസ് ചെയ്ത പേലോഡുകളാണ് ആദിത്യയിൽ ഉപയോഗിക്കുക. സൂര്യനിലെ വിവിധ ഘടകങ്ങൾ പരിശോധിക്കാനായിട്ടാണ് ഇവ ഉപയോഗിക്കപ്പെടുത്തുക. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ തുടങ്ങിയ സൂര്യനിലെ നിർണായക ഭാഗങ്ങളുടെ വ്യത്യസ്ത വേവ് ലെങ്ങ്തുകളാണ് പരിശോധിക്കുക. ഏഴോളം പേലോഡുകളാണ് ആദിത്യ എൽ1ൽ ഉണ്ടാവുക. സൂര്യനിലെ പുറംഭാഗത്തെ ലേയറുകളെയും, ഫോട്ടോസ്ഫിയറിനെയും, ക്രോമോസ്ഫിയറിനെയുമെല്ലാം ഇവയാണ് പരിശോധിക്കുക. ഇലക്ട്രോമാഗ്‌നറ്റിക് കണങ്ങൾ, കാന്തിക മണ്ഡല ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചാണ് ഇവ പരിശോധന നടത്തുക. നാലോളം പേലോഡുകൾ നേരിട്ടാണ് ചന്ദ്രനെ നിരീക്ഷിക്കുക. ബാക്കിയുള്ള മൂന്ന് പേലോഡുകൾ ലാഗ്രേഞ്ച് പോയിന്റിലെ കണങ്ങളും, കാന്തിക മണ്ഡലങ്ങളും പരിശോധിക്കും. സൂര്യന്റെ പ്രവർത്തനത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *