നൗഷാദ് ചുളളിക്കര
ചുള്ളിക്കര : മലയോര മേഖലയിലെ പുരാതനമായ കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ നയന മനോഹര കാഴ്ച്ചകളോടെ ശ്രദ്ധേയമാകുന്നു. മസ്ജിദ് കമ്മിറ്റിയാണ് ഇത്തരമൊരാശയം നടപ്പാക്കിയത്.
ഭൂരിഭാഗം പള്ളി ഖബര്‍സ്ഥാനുകളും വേണ്ടത്ര ശ്രദ്ധിക്കാതെ കാട് പിടിച്ചു കിടക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് കള്ളാര്‍ ജമാഅത്ത് കമ്മിറ്റി ഖബര്‍സ്ഥാന്‍ ചെടികള്‍ നട്ടും അവപരിപാലിച്ചും ഖബര്‍സ്ഥാന്‍ മനോഹരമാക്കി ഒരുക്കിയിരിക്കുന്നത്.ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈറിന്റെ ആശയമാണ് ഖബര്‍സ്ഥാന്‍ സൗന്ദര്യവല്‍ക്കരണത്തിലേക്ക് നയിച്ചത്.
കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെത്തിയാല്‍ മനസ്സ് കുളിരണിയുന്ന കാഴ്ചയാണ് നമുക്കനുഭവപ്പെടുക.
നിറയെ ചെടികള്‍ വെച്ച് പിടിപ്പിക്കുകയും പുല്ല് മുളക്കാതിരിക്കാന്‍ മിറ്റില്‍ വിതറുകയും ചെയ്തു. ആവശ്യമായ വെള്ളം ചെറു പൈപ്പുകളിലൂടെ എല്ലാ ചെടികള്‍ക്കുമെത്തിക്കുന്നു. ആഴ്ചയില്‍ ഒരു തവണ പുല്ല് പറിക്കുകയും, ചെടികള്‍ ആവശ്യത്തിന് വെട്ടി ഒതുക്കുകയും ചെയ്യും. കൃത്യമായ പരിചരണം നല്‍കുന്നതിനാല്‍ കള്ളാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാന്‍ എന്നും സുന്ദരമായ കാഴ്ചയാണ്. അവിടെ കിടക്കുന്നവര്‍ക്കായി പ്രാര്‍ത്ഥനക്കെത്തുന്നവര്‍ക്ക് ഏറെ സന്തോഷവും സംതൃപ്തിയുമാണ് ലഭിക്കുന്നത്. ജമാഅത്ത് പ്രസിഡന്റ് സുബൈറിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഇതെന്നും മറ്റ് മഹല്ലുകള്‍ക്ക് മാതൃക ആക്കാമെന്നും ഇവിടെ എത്തുന്നവര്‍ പറയുന്നു.