തിരുവനന്തപുരം : ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇടപെടലുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ തുടങ്ങിയവ ന്യായവിലക്ക് ലഭ്യമാക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വില്‍പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. പിടിവിട്ട് കുതിക്കുന്ന വെളിച്ചെണ്ണ വിലയെ വരുതിയിലാക്കാന്‍ സപ്ലൈകോ പുതിയ ടെന്‍ഡര്‍ വിളിക്കും. വില സംബന്ധിച്ച്
വിതരണക്കാരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്‌സിഡിയായും നോണ്‍ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റര്‍ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് പദ്ധതി.
ഇതുകൂടാതെ മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ ലഭിക്കും. സണ്‍ഫ്‌ളവര്‍ ഓയില്‍ , പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.ഓണത്തിന് ഇത്തവണയും സപ്ലൈക്കോ വഴി ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ ആണ് വിതരണം ചെയ്യുക. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് കിറ്റ് വിതരണം.
ഓണത്തിന് മുന്നോടിയായി സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണം മെഗാ ഫെയറുകളും, നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനതല ഓണം ഫെയര്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബര്‍ നാലു വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക.