തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പു വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകാനുള്ളതായിരുന്നു ആശുപത്രി സംരക്ഷണ ഓർഡിനൻസ്. ഗവർണർ ഒപ്പിട്ടതോടെ ഇതോടെ ഈ നിയമ ഭേദഗതിക്ക് അംഗീകാരമായി. ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുക, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏറ്റവും കുറഞ്ഞത് ആറ് മാസം തടവും പരമാവധി ഏഴ് വർഷവുമാണ് ശിക്ഷ. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. അതിനാൽ മെഡികക്കൽ വിദ്യാർത്ഥികൾക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കും. പ്രതികൾക്കെതിരെ സമയബന്ധിതമായി നിയമനടപടികൾ സ്വീകരിക്കണം എന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാസേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതുക്കിയ ഓർഡിനൻസ് പ്രകാരം ഇതിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. ആരോഗ്യരക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവർക്കും നിയമത്തിന്റെ സംരക്ഷണം ലഭിക്കും. ഈ ലിസ്റ്റിൽപ്പെട്ടവരെ ആക്രമിക്കുകയോ ആക്രമിക്കാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒപ്പം 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴയും ആണ് ശിക്ഷയായി ലഭിക്കുക. ആരോഗ്യപ്രവർത്തകരെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കിയാൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒപ്പം ഒരു ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും അക്രമികൾക്ക് ലഭിക്കും. ഈ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഓഫീസർ ആണ് അന്വേഷിക്കുക. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് 60 ദിവസത്തിനകം അന്വേഷണം പൂർത്തീകരിക്കും. വിചാരണാ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും എന്നും വേഗത്തിലുള്ള വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യൽ കോടതിയായി നിയോഗിക്കും എന്നും നിയമത്തിൽ വ്യക്തമാക്കുന്നു. ഏറെ വർഷങ്ങളായി ഡോക്ടർമാർ ആവശ്യപ്പെടുന്ന ഓർസിനൻസ് ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടിയന്തിരമായി ഇറക്കിയത്.
