NATIONAL NEWS

എന്തുകൊണ്ട് തോറ്റു..:ബിജെപി കർണാടകയിലെ പരാജയ കാരണങ്ങൾ കണ്ടെത്തുന്നു

ബെംഗളൂരു: കർണാടക നിയമസഭ തിരഞെടുപ്പിലെ ഞെട്ടിച്ച തോൽവിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേർത്തുകൊണ്ടിരിക്കുന്നത്. കമ്മിറ്റി അംഗങ്ങൾ, എം എൽ എമാർ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കർണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുൺ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടായി വ്യക്തമാക്കിയത്.. ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇൻചാർജ് നേതാക്കളുമായും ചർച്ച നടത്തി വിവരങ്ങൾ ആരാഞ്ഞതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വിവിധ ഉറപ്പുകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞിട്ടില്ല. ജെഡിഎസിന്റെ വോട്ട് വിഹിതം കോൺഗ്രസിലേക്ക് നീങ്ങി. അതുകൊണ്ട് അവർക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചുവെന്നും അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ചില മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം വർധിച്ചപ്പോൾ ചില മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞു. എല്ലാ തരത്തിലിമുള്ള അവലോകനങ്ങൾ നടത്തി വരികയാണ്. പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തിൽ പാർലമെന്ററി ബോർഡായിരിക്കും തീരുമാനമെടുക്കുകയെന്നും സിംഗ് പറഞ്ഞു. ഇതിന് മുന്നോടിയായി പാർട്ടി എംഎൽഎമാർ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കും. ദരിദ്രർ, കർഷകർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവരുൾപ്പെടെ രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കായി കേന്ദ്രസർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഇത് കർണാടകയിലെ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് നിലപാട് മാറ്റുകയാണെന്ന് ആരോപിച്ച് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി രംഗത്ത് വന്നു. ‘നേരത്തെ, എല്ലാ തൊഴിൽരഹിതരായ യുവാക്കൾക്കും 3,000 രൂപ ലഭിക്കുമെന്ന് അവർ പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ഈ അധ്യയന വർഷം പാസാകുന്നവർക്കാണ് പദ്ധതിയെന്ന നിബന്ധന വെച്ചിട്ടുണ്ട്,’ രവി പറഞ്ഞു. തോൽവിക്ക് പിന്നാലെ ബിജെപിയിൽ സമൂലമായ മാറ്റത്തിനും വഴിയൊരുങ്ങുന്നുണ്ട്. പാർട്ടി അതിന്റെ സംസ്ഥാന അധ്യക്ഷനെ മാറ്റിയേക്കും. കൂടാതെ പാർട്ടിക്കുള്ളിൽ ബസവരാജ് ബൊമ്മൈയുടെ കഴിവിലും ജനപ്രീതിയിലുമുളള ആശങ്കകൾ കാരണം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുകൾ പുനഃക്രമീകരിക്കുകയാണെന്നുമാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബസവരാജ് യത്നാലിനെപ്പോലെ ഒരു കടുത്ത ഹിന്ദുത്വ മുഖത്തെയോ യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെപ്പോലുള്ള ലിംഗായത്ത് നേതാവിനെയോ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. ബൊമ്മൈക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകിയായിരിക്കും മാറ്റം കൊണ്ട് വരിക. എന്നാൽ ഇതേക്കുറിച്ച് മുൻ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്നാണ് സൂചന. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 224 നിയമസഭാ മണ്ഡലങ്ങളിൽ 66 എണ്ണത്തിൽ മാത്രമേ പാർട്ടിക്ക് വിജയിക്കാനായിരുന്നുള്ളു. ഉയർന്ന ഭരണവിരുദ്ധതയാണ് തോൽവിയുടെ പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *