KERALA NEWS

മലയാളി പ്രവാസികൾ രാജ്യത്തു നടത്തുന്ന നിക്ഷേപം ജിഡിപിയിൽ വലിയ സംഭാവന നൽകുന്നു: ഉപരാഷ്ട്രപതി

പ്രത്യേക ലേഖകൻ
തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തിൽ പുഷ്പിച്ച് നിൽക്കുന്ന ശിഖരമാണ് കേരളമെന്ന് അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ കണ്ണുകൾകൊണ്ട് മാത്രം എല്ലാ വിഷയങ്ങളെയും കാണരുത്. രാജ്യത്തിന്റെ താത്പര്യം വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ല. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള മലയാളി പ്രവാസികൾ രാജ്യത്തു നടത്തുന്ന നിക്ഷേപം മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമ നിർമാണ സഭകളിലെ ചർച്ചകൾക്കിടെയുണ്ടാകുന്ന ബഹളവും ഒച്ചപ്പാടും രാഷ്ട്രീയായുധമാക്കരുതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ പ്രവണത വർധിച്ചുവരുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമുണ്ടാകും. ഇവ പരിഹരിക്കേണ്ടത് ഏറ്റുമുട്ടൽ നിലാപാടുകളിലൂടെയല്ല മറിച്ച്, സഹകരിച്ചുള്ള സംവാദങ്ങളിലൂടെയാണ്. പക്ഷപാത നിലപാടുകൾക്കപ്പുറം ദേശീയ താത്പര്യത്തിനു പ്രാധാന്യം നൽകിയുള്ള നിയമ നിർമാണ ചർച്ചകൾ നടക്കണം. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ പെരുമാറ്റത്തിലും നിലപാടുകളിലും അവയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നവരുമായിരിക്കണം. ഗൗരവത്തോടെയും ദീർഘവീക്ഷണത്തോടെയുമുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമാണ് നിയമനിർമാണ സഭകളിൽ ഉയരേണ്ടത്. നർമവും പരിഹാസവും ബുദ്ധിയുമൊക്കെ നിറയുന്ന ഉദാത്തമായ ചർച്ചകൾ ഇക്കാലത്ത് സഭകളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *