ടെഹ്റാന് : പശ്ചിമേഷ്യയെ ആകെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്റാഈലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ശനിയാഴ്ച പകല്‍ വെളിച്ചത്തില്‍ നടത്തിയ ഈ മിന്നലാക്രമണത്തോടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളുടെ എല്ലാ വാതിലുകളും അടഞ്ഞുകഴിഞ്ഞു. ‘ഓപ്പറേഷന് എപിക് ഫ്യൂറി’ എന്ന് അമേരിക്ക നാമകരണം ചെയ്ത ഈ സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടം കുറഞ്ഞത് നാല് ദിവസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്
വാഷിംഗ്ടണും തെല്‍ അവീവും മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഈ സംയുക്ത നീക്കം നടത്തിയത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കെതിരെ കഴിഞ്ഞ ജൂണില്‍ 12 ദിവസം നീണ്ട ആകാശയുദ്ധം നടന്നിരുന്നു. ഇതിന് പിന്നാലെ നടന്ന ചര്‍ച്ചകളില്‍ ഇറാന് കാണിച്ച നിലപാടുകളില്‍ താന്‍ തൃപ്തനല്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാന് ആണവായുധം കൈവശം വെക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാംനഈയുടെ ഓഫീസിന് സമീപം സ്ഫോടനം
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഓഫീസിന് സമീപമാണ് പ്രധാനമായും സ്ഫോടനങ്ങള്‍ നടന്നത്. ടെഹ്റാനില്‍ മാത്രം നാലും അഞ്ചും വലിയ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ 86-കാരനായ ഖാംനഈ തെഹ്റാനില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായും വിവരമുണ്ട്.
സാധാരണ ഗതിയില്‍ രാത്രി കാലങ്ങളില്‍ പ്രതീക്ഷിക്കുന്ന ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇറാനെ ഞെട്ടിക്കാന്‍ വേണ്ടിയാണ് പകല്‍ സമയം തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്ന് ഇസ്റാഈല്‍ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
നാവികസേനയെ തുടച്ചുനീക്കും’: ട്രംപ്
് ഇറാനില്‍ നിന്നുള്ള ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ വ്യവസായത്തെ തകര്‍ക്കുമെന്നും ഇറാനിയന്‍ നാവികസേനയെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും (Annihilate) അദ്ദേഹം മുന്നറിയിപ്പ് നല്കി. ജെറാള്‍ഡ് ആര് ഫോര്‍ഡ്, എബ്രഹാം ലിങ്കണ് എന്നീ രണ്ട് വമ്പന്‍ യുദ്ധക്കപ്പലുകളും വിമാനവാഹിനികളും ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും ഉള്‍പ്പെടെ വന്‍ സന്നാഹമാണ് അമേരിക്ക മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
പ്രത്യാഘാതങ്ങള്‍
ആക്രമണത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ വ്യോമപാതകള്‍ പലയിടത്തും അടച്ചു. ഇസ്റാഈല്‍, യു എ ഇ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം സ്ഫോടനങ്ങളും മിസൈല്‍ ആക്രമണങ്ങളും തുടരുകയാണ്. വരും ദിവസങ്ങളില്‍ ആക്രമണം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.


