ന്യൂഡല്‍ഹി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഇടത് മുന്നണിയെ നയിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം പി ബി യോഗത്തിലാണ് നിര്‍ണായകമായ ഈ ധാരണയുണ്ടായത്. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു.
മാര്‍ച്ച് ആദ്യവാരത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പതിവ് രീതി പിന്തുടര്ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന രീതി സി പി ഐ എമ്മിന് ഇല്ലെങ്കിലും പിണറായി വിജയന്റെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍ ആവശ്യമെങ്കില്‍ പുതുക്കലുകള്‍ വരുത്തും.
അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അന്തിമ ധാരണയിലെത്താനാണ് പാര്‍ട്ടി തീരുമാനം. സിറ്റിംഗ് സീറ്റുകളിലെ മാറ്റങ്ങള്‍, പുതുമുഖങ്ങള്‍ക്കുള്ള പ്രാതിനിധ്യം എന്നിവ പരിശോധിച്ച ശേഷമാകും പ്രഖ്യാപനം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നുമാണ് പി ബി വിലയിരുത്തല്‍.
പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയന് വീണ്ടും മത്സരരംഗത്തുണ്ടാകണമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും കേരള ഘടകം നിലപാടെടുക്കുകയായിരുന്നു. നിലവില്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയാണ് പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നിലനിര്‍ത്തിയിരുന്നത്. ഇതേ മാതൃകയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അദ്ദേഹത്തിന് ഇളവ് നല്‍കണമെന്നാണ് കേരള ഘടകം ആവശ്യപ്പെട്ടത്. ഇത് പി ബി യോഗം അംഗീകരിക്കുകയായിരുന്നു.




