ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയത്തില്‍ ഗൂഢാലോചനയോ ക്രിമിനല്‍ താല്‍പ്പര്യമോ ഉണ്ടായിരുന്നില്ലെന്ന് റൗസ് അവന്യൂ കോടതി നിരീക്ഷിച്ചു. കേസിലെ മറ്റ് 23 പ്രതികള്‍ക്കെതിരെയും തെളിവുകളില്ലെന്ന് സ്‌പെഷ്യല്‍ ജഡ്ജി ജിതേന്ദര്‍ സിംഗ് വ്യക്തമാക്കി. വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട കെജ്രിവാള്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു.
തങ്ങള്‍ എന്നും പറഞ്ഞിരുന്നത് സത്യം ഒടുവില്‍ ജയിക്കുമെന്നാണ്. ഒരു മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് ജയിലിലിടുകയാണ് ഉണ്ടായത്. തങ്ങള്‍ക്കെതിരെ ചെളിവാരി എറിയാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ അങ്ങേയറ്റം സത്യസന്ധനാണെന്നും ദൈവം തങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ സമര്‍പ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തില്‍ പിഴവുകളുണ്ടെന്നും പ്രതികള്‍ക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍
ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച സൗത്ത് ഗ്രൂപ്പ് എന്ന പ്രയോഗത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ വാക്ക് ഉപയോഗിച്ചതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും ആരാണ് ഇത് രൂപപ്പെടുത്തിയതെന്നും കോടതി ചോദിച്ചു. സി ബി ഐ കെട്ടിച്ചമച്ച ഗൂഢാലോചന വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും തെളിവുകളുടെ പിന്‍ബലമില്ലെന്നും കോടതി നിരീക്ഷിച്ചു.
2021-22 കാലയളവില്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തിലൂടെ വന്‍ വരുമാനമുണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ഈ നയം പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി നേരിട്ട പരാജയത്തിന് ഈ കേസ് പ്രധാന കാരണമായിരുന്നു.





