LOCAL NEWS

ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ : കർഷക രക്ഷാസമിതി സമരം ശക്തമാക്കുന്നു കർഷക യോഗം ഇന്ന്

രാജപുരം: ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ കർഷക രക്ഷയ്ക്കായി കർഷക രക്ഷാസമിതി സമരം ശക്തമാക്കാനൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം മൂന്നിന് ഒടയംചാൽ വ്യാപാരഭവനിൽ നടക്കുന്ന കർഷകരുടെ യോഗത്തിൽ തുടർ പ്രവർത്തനങ്ങളെക്കുറിച്ചുളള പദ്ധതികൾ തയ്യാറാക്കും. 1000 പേരടങ്ങുന്ന സേന രുപീകരിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് കർഷക രക്ഷാസമിതി ലക്ഷ്യമിടുന്നതെന്നറിയുന്നു. ലക്ഷ്യം നേടിയെടുക്കാൻ സമരത്തിനിറങ്ങുന്ന ഒരാളെ ജയിലിലടച്ചാൽ 1000 പേരെയും ജയിലിടാൻ അധികൃതരെ നിർബന്ധിതമാക്കുന്ന തരത്തിലുളളതാവും സമരം. ഉഡുപ്പിയിൽ നിന്നാരംഭിച്ച വൈദ്യുതി ലൈൻ പ്രവർത്തി കാസർഗോഡ് ജില്ലയിലൂടെ കണ്ണൂരിലും വയനാട് ജില്ലയിലും എത്തുമെന്നതിനാൽ ലൈൻ വലിക്കലും ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളിൽ ഇതുമൂലം ദുരിതമനുഭവിക്കേണ്ടിവരുന്ന കർഷകരെകൂടി സംഘടിപ്പിച്ച് കർഷക രക്ഷാസമിതി വിപുലമാക്കുകയും സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമുണ്ട്.കലക്‌ട്രേറ്റ് സമരം പോലെതന്നെ സെക്രട്ടറിയേറ്റ് സമരവും ഉണ്ടായേക്കും.
പദ്ധതി പ്രദേശങ്ങളിലെ കർഷകരുടെ ഭൂമിക്കും, വീടിനും കൃഷിക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഭീമൻ ഹരജി തയ്യാറാക്കി ഹൈക്കോടതിയെ സമീപിക്കാനും, മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുളള അധികാര സ്ഥാപനങ്ങളെ ഈ വിഷയത്തിൽ ഇടപെടുത്താനുമുളള നടപടികളും കൈകൊണ്ടേയ്ക്കും.കിടപ്പാടം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും കർഷകരുടെ നഷ്ടമാകുന്ന ഭുമിക്കും, കെട്ടിടങ്ങൾക്കും, കൃഷിക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ മറ്റ് പല പദ്ധതികളിലും സ്വീകരിച്ച പ്രത്യേക നഷ്ടപരിഹാര പാക്കേജുകൾ പോലെ ഈ പദ്ധതിയിലും അനുവദിക്കാൻ ശ്രമം നടത്തുന്നതിനും ഇന്നു നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും.കാസർഗോഡ് ജില്ലയിൽ മാത്രം 400 ഓളം കുടുംബങ്ങളാണ് പദ്ധതി നടത്തിപ്പുമൂലം ദുരിതമനുഭവിക്കുന്നത്. മറ്റ് ജില്ലകളിലെ കർഷകർ കൂടി ഉൾപ്പെടുമ്പോൾ 1000 ത്തിലധികം കർഷകർക്ക് ഈ പദ്ധതി കൊണ്ട് പ്രയാസം നേരിടും.

Leave a Reply

Your email address will not be published. Required fields are marked *