KERALA NEWS

അമീബിക്ക് മസ്തിഷ്‌ക ജ്വരം: സംസ്ഥാന ആരോഗ്യ വകുപ്പ്-ഐ സി എം ആര്‍ സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു

കോഴിക്കോട് : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ സി എം ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോട്ടാണ് പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലേയും ഐ സി എം ആര്‍, ഐ എ വി, പോണ്ടിച്ചേരി എ വി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പഠനം. ആഗോള തലത്തില്‍ 99 ശതമാനം മരണ നിരക്കുള്ള രോഗമാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം. എന്നാല്‍, കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധനകള്‍ കൂടി നടത്താന്‍ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ തന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തി ആദ്യമായി അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോള്‍ പുറപ്പെടുവിച്ചു. ഈ പ്രവര്‍ത്തനങ്ങളിലൂടെ നേരത്തെ രോഗം കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലേയും മൈക്രോബയോളജി വിഭാഗത്തില്‍ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച്
ചികിത്സ തുടങ്ങാനാകും. അമീബയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഏത് അമീബയാണെന്ന് നിര്‍ണയിക്കാനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സജ്ജമാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയത്യ തോന്നയ്ക്കല്‍ ഐ എ വിയിലും ഇതിനുള്ള സംവിധാനം ഒരുക്കി വരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *