നടൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്ന താരത്തിന് ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് വെല്ലുവിളിയാകുന്നതായി ഡോക്ടർമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെവൻസ് ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ താരം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാരെ പരിചയപ്പെടുകയും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെയാണ് തളർച്ച അനുഭവപ്പെട്ടത്്.
ഉടൻ തന്നെ മൈതാനത്ത് സജ്ജീകരിച്ചിരുന്ന ട്രോമാ കെയർ പ്രവർത്തകർ പ്രാഥമിക ചികിത്സ നൽകിയ ശേഷം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റാണ് മാമുക്കോയക്ക് സംഭവിച്ചതെന്നായിരുന്നു വണ്ടൂരിലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. പിന്നീട് ബന്ധുക്കൾ എത്തിയതോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടം നിലം തരണം ചെയ്‌തെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നത്. ഇതോടെ ആരോഗ്യ നില വഷളായി. നേരത്തെ തൊണ്ടയിൽ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നെങ്കിലും സിനിമകളിലും ആൽബങ്ങളിലുമൊക്കെ അദ്ദേഹം അഭിനയിച്ച് വന്നിരുന്നു. കല്ലായിപ്പുഴയോരത്തെ മരമില്ലിലെ ജോലിക്കാരനായിരുന്ന മാമുക്കോയ നാടക വേദികളിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്്. 1979 ലാണ്് അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1982ൽ സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം നേടുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ശുപാർശ പ്രകാരമായിരുന്നു. ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു നിലനിർത്തിയിരുന്നത്്. കോഴിക്കോട് ശൈലിയും ശക്തമായ കൗണ്ടറുകളുമായിരുന്നു മമ്മൂക്കോയ എന്ന നടന്റെ സവിശേഷത. പതിറ്റാണ്ടുകൾക്ക് മുമ്പ് മാമുക്കോയ പറഞ്ഞു വെച്ച കൗണ്ടറുകൾ ഇന്നും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ആദ്യ രണ്ട് സിനമകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 1986 ൽ സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൂരെദൂരെ കൂടു കൂട്ടാം എന്ന ചിത്രത്തിലൂടെ മാമുക്കോയയുടെ തലവര മാറി. ആ ചിത്രത്തിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എകെ പൊതുവാളുമൊക്ക മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം മലയാളികൾ ഓർക്കും.