രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തില്‍ നാലിലൊന്ന് കുറവുണ്ടായതായി ആദ്യമായി ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ കണ്ടെത്തി. വനനശീകരണവും മനുഷ്യനും വന്യമൃഗങ്ങളുമായുളള സംഘര്‍ഷവും മൂലമാണ് കാട്ടാനകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അഖിലേന്ത്യാ ആന കണക്കെടുപ്പ് റിപ്പോര്‍ട്ട് പ്രകാരം കാട്ടാനകളുടെ എണ്ണം 22,446 ആയി കുറഞ്ഞു .
2017ല്‍ ഇത് ഏകദേശം 29,964 ആയിരുന്നു. 25 ശതമാനം കുറവാണ് കണ്ടെത്തിയിരിക്കുന്നത്. 2021ല്‍ സര്‍വ്വേ ആരംഭിച്ച് ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ വളരെക്കാലമായി വൈകിപ്പിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സങ്കീര്‍ണ്ണമായ ജനിതക വിശകലനവും ഡാറ്റാ സാമ്പിളുകളും ഉള്‍പ്പെട്ടതാണ് കാലതാമസത്തിന് കാരണമെന്നാണ് പറയുന്നത്.
6,013 ആനകളുമായി കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ ആനകളെ ആവാസ കേന്ദ്രമായി തുടരുന്ന സംസ്ഥാനം. തൊട്ടുപിറകെ അസം 4,159, തമിഴ്നാട് 3,136, കേരളം 2,785, ഉത്തരാഖണ്ഡ് 1,792 ആനകളുമായാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയത്. മേഖലാടിസ്ഥാനത്തില്‍, 11,934 ആനകളുമായി പശ്ചിമഘട്ടത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള പ്രദേശം. 6,500-ലധികം ആനകള്‍ക്ക് ആവാസം നല്‍കുന്ന അസം, ബ്രഹ്‌മപുത്ര വെള്ളപ്പൊക്ക സമതലങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്താണ് ആനകളുടെ മറ്റൊരു പ്രധാന വാസ കേന്ദ്രം
ആദ്യ ഘട്ടത്തില്‍, വിപുലമായ കാല്‍നട സര്‍വേകളില്‍ ആനകളുടെ സാന്നിധ്യം രേഖപ്പെടുത്താന്‍ വനം സംഘങ്ങള്‍ എം-സ്‌ട്രൈപ്‌സ് ആപ്പാണ് ഉപയോഗിച്ചത്. രണ്ടാം ഘട്ടത്തില്‍ ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് ആവാസവ്യവസ്ഥയുടെ ഗുണനിലവാരവും മനുഷ്യന്റെ കാല്‍പ്പാടുകളും വിലയിരുത്തി. മൂന്നാം ഘട്ടത്തില്‍ 4,065 ആനകളെ തിരിച്ചറിയാന്‍ ചാണകത്തില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയയിലൂടെയാണ് കണ്ടെത്തിയത്. ജനസംഖ്യ കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ മാര്‍ക്ക്-റീക്യാപ്ചര്‍ മോഡലായിരുന്നു ഉപയോഗിച്ചത്. 21,000ത്തിലധികം ചാണക സാമ്പിളുകളുടെ ജനിതക വിശകലനം, ക്യാമറ ട്രാപ്പുകളുടെ
വിപുലമായ ശൃംഖല, 667,000 കിലോമീറ്റര്‍ കാല്‍നട സര്‍വേ എന്നിവ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.
ലോകത്തിലെ ശേഷിക്കുന്ന ഏഷ്യന്‍ ആനകളില്‍ 60 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ആവാസവ്യവസ്ഥയുടെ നഷ്ടം, വിഘടിപ്പിക്കല്‍, വര്‍ദ്ധിച്ചുവരുന്ന മനുഷ്യരും-ആനകളും തമ്മിലുള്ള സംഘര്‍ഷം എന്നിവയാണ് ആനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നത്. വൈദ്യുതാഘാതവും, റെയില്‍വേ അപകടങ്ങളും ആനകളുടെ മരണത്തിന് കാരണമാകുന്നു. അതേസമയം ഖനനവും ഹൈവേ നിര്‍മ്മാണവും ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) വംശനാശഭീഷണി നേരിടുന്ന പട്ടികയിലാണ് ആനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.




