രാജപുരം: വന്യമൃഗശല്യം തടയാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് എ.കെ.സി.സി പനത്തടി ഫോറോനാ ചര്‍ച്ച് യൂണിറ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേദനം നല്കി. നിരവധി കര്‍ഷകര്‍ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിവിധ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉന്നയിച്ച് എ.കെ.സി.സി യൂണിറ്റ് നിവേദനം നല്‍കിയത്.
കാസര്‍കോട് ജില്ലയില്‍ പനത്തടി, കള്ളാര്‍, ബളാല്‍ എന്നീ പഞ്ചായത്തുകളിലെ മരുതോം,പാലച്ചാല്‍ പ്രാന്തകാവ് ശിവഗിരി മൊട്ടയം കൊച്ചി,കൊളപ്പുറം കടമല കോളിച്ചാല്‍,പതിനെട്ടാം മൈല്‍,എരിഞ്ഞിലംകോട്,പാടിടുക്കം, തിമ്മന്‍ചാല്‍,പുലിക്കടവ് ചാമുണ്ഡി കുന്ന്, ബളാന്തോട്,മായിത്തി,മാച്ചി പള്ളി, തച്ചര്‍കടവ്,വെള്ളക്കല്ല് പനത്തടി ഇരിക്കും കല്ല് റാണിപുരം കുറിഞ്ഞി പ്രദേശങ്ങളില്‍ അതിരൂക്ഷമായ വന്യമൃഗ ശല്യം നിലനില്‍ക്കുകയാണ്.
കാട്ടാന, കാട്ടുപോത്ത,് കാട്ടുപന്നി, കുരങ്ങ,് മയില്‍, മലയണ്ണാന്, മരപ്പട്ടി, കുറുക്കന്, മലമ്പാമ്പ,് രാജവെമ്പാല, മൂര്‍ഖന്‍, പുലി എന്നിവയുടെ ശല്യം അതിരൂക്ഷമാണ്.
ഇവ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ എത്തി വളര്‍ത്തുമൃഗങ്ങളെയും, തെങ്ങ് തേങ്ങ കരിക്ക് കൊക്കോ അടയ്ക്ക ജാതിക്ക റബ്ബര്‍ ഇടവിളകളായ കപ്പ,ചേന, കാച്ചില് ചേമ്പ് പച്ചക്കറികള്‍ നെല്ല് എന്നിവയുടെ മരങ്ങളും കായ്കളും പൂക്കളും കിഴങ്ങുകളും ഉള്‍പ്പെടുന്നവ പൂര്‍ണമായോ ഭാഗികമായാ നശിപ്പിക്കുന്നു.
ഇവകള്‍ ഉണ്ടാക്കുന്ന നഷ്ടം തോട്ടം സന്ദര്‍ശിച്ചാല്‍ ഒരിക്കലും മനസ്സിലാക്കാനാവില്ല.ശാസ്ത്രീയമായ പഠനം ആവശ്യമാണ്.
കാണാന്‍ കഴിയുന്നത് ഏതാനും ചെടികള്‍ നശിപ്പിച്ചതും കായകള്‍ നശിപ്പിച്ചതും മാത്രമാണ്.മറിച്ച് ഇത് കൃഷി മേഖലയില്‍ പൂക്കളായും ഇളം കായ്കളായും ചെടികളായും വലിയ നഷ്ടം വരുത്തുന്നുണ്ട്.
ഈ പ്രദേശങ്ങളില്‍ രാത്രികാലങ്ങളിലും പകല്‍പോലും റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വലിയ അപകടവും പരുക്കും കേടുപാടുകളും വരുത്തിവെക്കുന്നുണ്ട്.
ജനങ്ങള്‍ ആകെ ഭീതിയിലാണ്. കര്‍ഷകര്‍ കൃഷി ചെയ്യുന്നില്ല. കൃഷി ചെയ്യുന്നവര്‍ക്ക് വിളവെടുപ്പ് നടത്തി ഉപജീവനം നടത്താമെന്ന് പ്രതീക്ഷ പോലും ഇല്ലാതായിരിക്കുന്നു.
ഇതൊരു വലിയ സാമൂഹ്യ സാമ്പത്തിക അരക്ഷിതാവസ്ഥ ഈ പ്രദേശങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്.വ്യാപാരികള്‍ വ്യാപാരം ഉപേക്ഷിച്ചു.യുവാക്കള്‍ കൃഷിയില്‍ നിന്ന് മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞു.വയോധികര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് താമസം മാറി പോകുന്നു.
ഇത്തരം വന്യമൃഗങ്ങള്‍ പ്രദേശത്തെ ജനവാസ പ്രദേശങ്ങളിലും കൃഷി ഭൂമിയിലും എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. അതിനുള്ള ഉപായങ്ങള്‍ കണ്ടെത്തി നടപ്പിലാക്കണം.
ഇനിയും അങ്ങനെ കൃഷി ഭൂമിയിലും ജനവാസ മേഖലയിലും എത്തുന്ന വന്യജീവികളെ കൊന്നൊഴിവാക്കുന്നതിനും വന്യജീവികളെ കൊന്നുകളയുന്ന കര്‍ഷകരെ സമൂഹത്തില്‍ ആദരിക്കുന്നതിനും സംവിധാനം ഉണ്ടാക്കണം.മാത്രമല്ല ഇത്തരം വന്യജീവികളുടെ ഭക്ഷ്യയോഗ്യമായ മാംസം മനുഷ്യനും മൃഗങ്ങള്‍ക്കും ഭക്ഷിക്കുന്നതിനും സൗകര്യം ഒരുക്കേണ്ടതാണ്.
കാട്ടുമൃഗങ്ങളെ അഥവാ വന്യജീവികളെ കാടിനുള്ളിലോ അവിടെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവയെ കാഴ്ച ബംഗ്ലാവിലെ പ്രത്യേക സംരക്ഷിത മേഖലയിലോ സൂക്ഷിക്കണം.ഈ മാര്‍ഗ്ഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവയെ കൊന്നു കളയാന്‍ ഉപയോഗിക്കുന്ന സെലക്ടീവ് കള്ളിങ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നിയന്ത്രിക്കണം.ഇതിനായുള്ള നടപടികളും നിയമങ്ങളും ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാഹുലിനാണ് പനത്തടി ബളാല്‍ കള്ളാര്‍ പഞ്ചായത്തുകളിലെ കര്‍ഷകരില്‍ നിന്ന് സ്വീകരിച്ച പരാതികള്‍ പനത്തടി പഞ്ചായത്തിലെ വന്യജീവികര്ഷക സംഘര്‍ഷ ലഘൂകരണ തീവ്രയത്ന ഹെല്‍പ്പ് ഡസ്കില്‍ നല്‍കിയത്. എ കെ സി സി പനത്തടി സെന്റ് ജോസഫ് ഫോറോന യൂണിറ്റ് രക്ഷാധികാരി ഫാ. മെല്ബിന് ഒ ആര് എം, ജിജി മൂഴിക്കച്ചാലില്‍, ജോയി കിഴുതറ, ജോമോന് മണിയംകുളം, ജോസ് നാഗരോലില്‍, ടോമി മണിമലക്കരോട്ട് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്..


