കോഴിക്കോട്| : അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിന്‍ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്.
അമീബിക് മസ്തിഷ്‌കജ്വരം; മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗത്തിന് ഏറെ മാറ്റമെന്ന് വിദഗ്ദ്ധര്‍, ജാഗ്രത പാലിക്കണം
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. രണ്ട് വര്‍ഷം മുമ്പുവരെ കണ്ടതില്‍ നിന്ന് രോഗത്തിന് വളരെയേറെ മാറ്റം സംഭവിച്ചുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നെഗ്ലേരിയ ഫൗളേരി അമീബകളില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ് കുറച്ച് വര്‍ഷം മുമ്പുവരെ കണ്ടിരുന്നത്.
എന്നാല്‍, ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ് ഇപ്പോള്‍ വ്യാപകമായുള്ളത്. അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു.
കെട്ടിക്കിടക്കുന്ന മലിനമായ ജലത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലെ അരിപ്പപോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി നെഗ്ലേരിയ ഫൗളേരി അമീബ തലച്ചോറില്‍ നേരിട്ടെത്തിയാണ് രോഗമുണ്ടാക്കിയിരുന്നത്.
എന്നാല്‍, അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകള്‍ ജലകണികകള്‍ ശ്വസിക്കുന്നത് വഴിയും വൃത്തിഹീനമായ ജലസ്രോതസുമായുള്ള സമ്പര്‍ക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകള്‍ വഴി രക്തത്തിലേക്ക് കലര്‍ന്ന് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നതായുമാണ് വിലയിരുത്തപ്പെടുന്നത്.
ജലസ്രോതസുകളില്‍ അമീബയുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൂടുതല്‍ പഠനം നടത്തി ഇതിന്റെ കാരണം കണ്ടെത്തിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കുകയും വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. പ്രാഥമികമായി ജലസ്രോതസുകള്‍ മലിനമാക്കാതെ സംരക്ഷിക്കുക എന്നതാണ് ചെയ്യാനാകുന്ന കാര്യം. കോളിഫോം ബാക്ടീരിയ കൂടുതലുള്ള ജലത്തില്‍ ഇത്തരം അമീബകളുടെ സാന്നിദ്ധ്യവും കൂടുതലായി കണ്ടുവരുന്നുണ്ട്.





