KERALA NEWS

വോട്ടര്‍പട്ടിക പുതുക്കല്‍: തീയതി 12 വരെ നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ആഗസ്റ്റ് എട്ടുവരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി.
കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *