രാജപുരം : സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനത്തെ വലച്ചു. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിലെത്തിയവര്‍ പെട്ടെന്നുണ്ടായ ബസ് പണിമുടക്കുമൂലം തിരിച്ചുപോകാന്‍ ഏറെ ബുദ്ധിമുട്ടി. വിവിധസ്ക്കുളുകളിലെ കുട്ടികളും വലഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോയ റഷാദ് ബസിലെ കണ്ടക്ടറായ സുനില്‍ കുമാറിനെ രാജപുരം സി ഐ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികള്‍ രാവിലെ 11.30 ഓടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
രണ്ട് ദിവസം മുമ്പ് ഒരു സ്കൂള്‍ വിദ്യാര്‍ഥിയെ ബസ്സില്‍ നിന്ന് കണ്ടക്ടര്‍ ഇറക്കിവിട്ടതിനെ ചൊല്ലി ഇന്നലെ ബളാംതോട് വച്ച് നാട്ടുകാരും കണ്ടക്ടറായ സുനില്‍ കുമാറും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു.ു. ഇതിനെ തുടര്‍ന്നുണ്ടായ പരാതിയിലാണ് സുനില്‍കുമാര്‍ രാജപുരം സ്റ്റേഷനില്‍ എത്തിയത്. ഇതിനിടയില്‍ സി.ഐ മര്‍ദ്ദിച്ചു എന്നാണ് സുനില്‍കുമാര്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. മണിക്കൂറുകളോളം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകുന്നേരം 5 മണിയോടെ ബസ് സമരം പിന്‍വലിക്കാന്‍ തീരുമാനമായതായി രാജപുരം പോലീസ് അധികൃതര്‍ അറിയിച്ചു. മിന്നല്‍ പണിമുടക്കിനെതുടര്‍ന്ന് നിര്‍ത്തിവെച്ച ബസ്് ഓട്ടം ഇന്നിനി ആരംഭിക്കാനിടയില്ല. നാളെ രാവിലെയേ ബസുകള്‍ ഓടിതുടങ്ങുകയുളളുവെന്നാണറിയുന്നത്.