DISTRICT NEWS

ദുരിത ബാധിതരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘സഹ ജീവനം സ്നേഹഗ്രാമം”

കാസര്‍ഗോഡ് : താമസം, ചികിത്സ, വിവിധ തെറാപ്പികള്‍, ഉപജീവനോപാധി കണ്ടെത്താന്‍ സഹായം, തൊഴില്‍, നൈപുണ്യ പരിശീലനം എന്നിങ്ങനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കിക്കൊണ്ട് ദുരിത ബാധിതരുടെ സമഗ്ര വികസനവും പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പിന്റെ താണ് സംരംഭം. ഇതിനായി സഹജീവനം സ്നേഹഗ്രാമത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്ലാന്റഷന്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരമായി മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ അനുവദിച്ച 25 ഏക്കര്‍ സ്ഥലത്താണ് സ്നേഹഗ്രാമം ഒരുങ്ങുന്നത്. ഭിന്നശേഷി മുന്‍കൂട്ടി കണ്ടെത്തി പ്രാരംഭ നടപടികള്‍ എടുക്കുക,വിവിധ തെറാപ്പികള്‍ നല്‍കുക, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ,സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ സേവനം ലഭ്യമാക്കുക ,സ്വന്തമായി തൊഴില്‍ കണ്ടെത്താനുള്ള സഹായങ്ങളും തൊഴില്‍,നൈപുണ്യ പരിശീലനവും നല്‍കുക,ദുരിതബാധിതര്‍ക്കും കുടുംബാംങ്ങള്‍ക്കും താമസിക്കാനുള്ള റെസ്‌പൈറ്റ് ഹോമുകള്‍ നല്‍കുക എന്നിങ്ങനെ ആരോഗ്യ , വിദ്യാഭ്യാസ ,തൊഴില്‍ ,പുനരധിവാസ മേഖലകളെ ഉള്‍ക്കൊള്ളുന്നതാണ് സ്നേഹഗ്രാമത്തിന്റെ സേവനം. നാലുഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29 നു നിര്‍വഹിച്ചിരുന്നു.
കന്‍സള്‍റ്റിങ്ങ്,ഹൈഡ്രോതെറാപ്പി,ക്ലിനികല്‍ സൈക്കൊളജി ബ്ലോക്കുകളുടെ നിര്‍മ്മാണം ആദ്യഘട്ടത്തില്‍ നടന്നു. രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള സേവനങ്ങള്‍ വിപുലീകരിക്കുകയും തൊഴില്‍ പരിശീലനവും താമസ സൗകര്യവും ഒരുക്കുകയും ചെയ്യും. രണ്ടാം ഘട്ടം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും. ചികിത്സയ്‌ക്കെത്തുന്ന ദുരിതബാധിതരുടെ യാത്ര അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ സി എച്ച് കുഞ്ഞമ്പു എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദിവസവും 30 ല്‍ കുറയാത്ത ആളുകള്‍ക്കുള്ള സേവനം സജ്ജമാണെങ്കിലൂം 40 മുതല്‍ 55 വരെ ഗുണഭോക്താക്കള്‍ പ്രതിദിനം പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവില്‍ 219 ഭിന്നശേഷിക്കാരെ ചികില്‍സിച്ചു. 195 പേരെ തുടര്‍ചികിത്സക്കായി നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ തന്നെ 153 പേരുടെ തുടര്‍ചികിത്സ സ്നേഹഗ്രാമത്തിനുള്ളില്‍ തന്നെ നല്‍കി,അവരില്‍ ഭേദമായ 26 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 86 ഗുണഭോക്താക്കള്‍ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
പദ്ധതിയുടെ നാലുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ ദേശീയ നിലവാരമുള്ള പുനരധിവാസ കേന്ദ്രമായി സ്നേഹഗ്രാമം മാറുമെന്ന് കാസര്‍കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി രാജ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *